പൂവൻകോഴി കൊത്തിപ്പറിച്ചു, വൃദ്ധയ്ക്ക് ഗുരുതര പരിക്ക്
കൊല്ലം:അയൽ വീട്ടിലെ പൂവൻകോഴിയുടെ ആക്രമണത്തിൽ വൃദ്ധയുടെ തലയിലും മുഖത്തുമായി 12 തുന്നലുകൾ. പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ ജോയിസിനെയാണ് (74) പൂവൻകോഴി മാരകമായി ആക്രമിച്ചത്.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വീടിന് സമീപത്തെ കടയിൽ നിന്നു സാധനം വാങ്ങി മടങ്ങുമ്പോഴായിരുന്നു കോഴി പാഞ്ഞടുത്തത്. പറന്ന് തലയിൽ കയറിയശേഷം തലങ്ങും വിലങ്ങും കൊത്തി. മൂക്കിന്റെ വശത്തും ഇടത് പുരികത്തിലും കൊത്തുകൊണ്ടു. കോഴിയെ കുടഞ്ഞെറിയാൻ ആവുന്ന ശ്രമിച്ചിട്ടും പറ്റാതെ വന്നതോടെ ജോയിസ് നിലവിളിച്ചു. ഓടിക്കൂടിയവർ ശ്രമകരമായിട്ടാണ് കോഴിയെ പറപ്പിച്ചത്. തലയിലും മൂക്കിലും സാരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച് അവശയായ ജോയിസിനെ ഉടൻതന്നെ പാരിപ്പള്ളി ഗവ.മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുന്നിക്കെട്ട് വേണ്ടിവന്നുവെങ്കിലും ആരോഗ്യ നിലയിൽ കാര്യമായ പ്രശ്നമില്ല. ജോയിസിന്റെ ബന്ധുക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. എന്നാൽ പൂവൻകോഴിയ്ക്കെതിരെ കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് ജോയിസ് പൊലീസിനോട് പറഞ്ഞു. ഈ കോഴി മുൻപും ആളുകളെ ആക്രമിച്ചിട്ടുണ്ട്. എന്നാൽ ഇത്ര ഗുരുതരമായി പരിക്കേൽപ്പിച്ചത് ആദ്യ സംഭവമാണ്. കോഴിയുടെ ഉടമയെ പൊലീസും നാട്ടുകാരും താക്കീത് ചെയ്തു. പൊലീസും കോടതിയും ഇടപെടാതെതന്നെ പൂവൻകോഴിയ്ക്ക് 'തടവ്' ശിക്ഷ നൽകാമെന്ന് വീട്ടുകാരും സമ്മതിച്ചിട്ടുണ്ട്!