ജില്ലയിൽ പാഠപുസ്തക വിതരണം ടോപ്പ് ഗിയറിൽ
ഇതുവരെ വിതരണം ചെയ്തത് 12.76 ലക്ഷം പുസ്തകങ്ങൾ
കൊല്ലം: ജില്ലയിലെ പാഠപുസ്തക വിതരണം മങ്ങാട് ഡിപ്പോ കേന്ദ്രീകരിച്ച് ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിതരണവേഗം കൂടുതലാണ്. ജില്ലയിലെ 952 സ്കൂളുകളിൽ ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി ആകെ 21.81 ലക്ഷം പുസ്തകങ്ങളാണ് ആവശ്യമുള്ളത്. 12.76 ലക്ഷം ഇതിനോടകം വിതരണം ചെയ്തു.
സ്കൂളുകളിലെ പുസ്തകങ്ങളുടെ ആവശ്യകത കൃത്യമായി മനസ്സിലാക്കാൻ ഏകീകൃത സംവിധാനമുണ്ട്. അതത് സൊസൈറ്റികൾ തങ്ങൾക്ക് ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണം ഔദ്യോഗിക വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിപ്പോയിൽ നിന്ന് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. ആറോ ഏഴോ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കായി ഒരു സൊസൈറ്റി വീതം നിശ്ചയിച്ചിട്ടുണ്ട്. ഡിപ്പോയിൽ നിന്ന് പുസ്തകങ്ങൾ ആദ്യം ഈ സൊസൈറ്റികളിലേക്ക് എത്തിക്കും. ഇവിടെ നിന്ന് അതത് സ്കൂൾ അധികൃതർ നേരിട്ടെത്തി കൈപ്പറ്റണം. എന്നാൽ അൺ-എയ്ഡഡ് സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങൾ മങ്ങാട് ഹയർസെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന ഡിപ്പോയിൽ നിന്ന് നേരിട്ടാണ് വിതരണം ചെയ്യുന്നത്.
കുടുംബശ്രീയുടെ കൈയൊപ്പ്
കുടുംബശ്രീ ജില്ലാ മിഷനിലെ പ്രവർത്തകരാണ് പാഠപുസ്തക വിതരണത്തിന് പിന്നിലെ പ്രധാന കരുത്ത്. 2020 മുതൽ ഭാഗികമായും 2021 മുതൽ പൂർണ്ണമായും വിതരണ ചുമതല വിജയകരമായി കൈകാര്യം ചെയ്യുന്നത് കുടുംബശ്രീയാണ്. നിലവിൽ രണ്ട് സൂപ്പർവൈസർമാർ ഉൾപ്പെടെ 22 ജീവനക്കാരാണ് ഡിപ്പോയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വിതരണം ഇതുവരെ
ഡിപ്പോയിൽ എത്തിച്ച പുസ്തകങ്ങൾ:15,08,862
വിതരണം ചെയ്തത് 12,76,049 എണ്ണം
ഡിപ്പോയിൽ അവശേഷിക്കുന്നത് 2,32,213 പുസ്തകങ്ങൾ
ഇനി ആവശ്യമുള്ളത് 6,72,138 എണ്ണം
പ്രതിദിനം എത്തുന്നത് 40,000- 60,000 പുസ്തകങ്ങൾ