ആഗോള അക്കാഡമിക് സഹകരണം ഒമാനിലെ യു.ടി.എ.എസും അമൃത വിശ്വവിദ്യാപീഠവും ധാരണയിൽ
കൊല്ലം: അന്താരാഷ്ട്ര അക്കാദമിക് മികവും ഉന്നതതല ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായി, ഒമാൻ സുൽത്താനേറ്റിലെ യൂണിവേഴ്സിറ്റി ഒഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസും (യു.ടി.എ.എസ്) അമൃത വിശ്വവിദ്യാപീഠവും സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. യു.ടി.എ.എസിലെ ഉന്നതതല പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിലാണ് അമൃത വിശ്വവിദ്യാപീഠം പ്രോ-വൈസ് ചാൻസലർ ഡോ. മനീഷ വി.രമേശ്, യു.ടി.എ.എസ് മുസന്ദം വൈസ് ചാൻസലർ ഡോ. സയീദ് ബിൻ ഹമദ് ബിൻ സയീദ് അൽ-റുബൈയി എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
യു.ടി.എ.എസ് മുസന്ദം അസിസ്റ്റന്റ് വൈസ് ചാൻസലർ ഡോ. അഹമ്മദ് ബിൻ സയീദ് ബിൻ അഹമ്മദ് അൽ-ഷഹ്രി, റിസർച്ച് ആൻഡ് കൺസൾട്ടൻസി വകുപ്പ് മേധാവി ഡോ. കൃഷ്ണ പ്രിയ ഗോഡ്‌വിൻ ആനന്ദ്, വൈസ് ചാൻസലർ ഓഫീസ് ഡയറക്ടർ ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ മുഹമ്മദ് അൽ-അറാമി, ഫോളോ-അപ്പ് സെക്ഷൻ മേധാവി ഫരീദ് ബിൻ മുഹമ്മദ് ബിൻ അബ്ദുള്ള അൽ-ജലന്ദാനി എന്നിവരാണ് ഉന്നതതല പ്രതിനിധി സംഘത്തിലുണ്ടായത്. എൻജിനീയറിംഗ്, സാങ്കേതികവിദ്യ, അപ്ലൈഡ് സയൻസ് എന്നീ മേഖലകളിൽ സംയുക്ത ഗവേഷണ സംരംഭങ്ങൾ, അക്കാഡമിക് മൊബിലിറ്റി, പ്രത്യേക പാഠ്യപദ്ധതി രൂപകൽപ്പന എന്നിവയിലാണ് ഇരുപക്ഷവും പ്രധാനമായും സഹകരിക്കുക. ആശയങ്ങളെ പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റാൻ കഴിയുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും സർവ്വകലാശാലാ അധികൃതർ അറിയിച്ചു.
സന്ദർശനത്തിന്റെ ഭാഗമായി പ്രതിനിധി സംഘം അമൃതയുടെ കോയമ്പത്തൂർ, അമൃതപുരി ക്യാമ്പസുകളും അമൃത മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയും സന്ദർശിച്ചു. ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലാൻഡ്‌സ് ലൈഡ് ലാബ്, ഫ്ലെക്സിബിൾ ഇലക്ട്രോണിക്സ് ലാബ്, അമ്മച്ചി ലാബ്സ്, ബയോടെക്നോളജി ലാബ്സ്, എയ്‌റോസ്‌പേസ് എൻജിനീയറിംഗ് ഗവേഷണ ലാബുകൾ തുടങ്ങി അമൃതയുടെ അത്യാധുനിക സൗകര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് സംഘം മടങ്ങിയത്. വിദ്യാർത്ഥികളെ ലോകോത്തര അക്കാഡമിക് ജ്ഞാനം നേടാൻ മാത്രമല്ല, അവരുടെ കഴിവുകൾ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കാനും ഒരു സർവ്വകലാശാല പ്രോത്സാഹിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും എഡ്യുക്കേഷൻ ഫോർ ലൈഫ്, എഡ്യുക്കേഷൻ ഫോർ ലിവിംഗ് എന്ന അമ്മയുടെ ദർശനത്തോട് എന്നും ആദരവാണെന്നും സംഘം അറിയിച്ചു.