മഴയിൽ കുതിരാതെ സ്കൂൾ വിപണി

Saturday 23 May 2026 12:25 AM IST

മികച്ച കച്ചവടമെന്ന് വ്യാപാരികൾ

കൊല്ലം: കോരി​ച്ചൊരി​യുന്ന വേനൽ മഴയി​ലും സ്കൂൾ വി​പണി​യി​ൽ കച്ചവടം കൊഴുക്കുന്നു. മഴയെ പ്രതിരോധിക്കാൻ കഴി​യുന്ന റെയിൻ കവർ ബാഗുകൾക്കാണ് ഇത്തവണ കൂടുതൽ പ്രിയം. പ്രത്യേക റെയിൻ കവർ മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ച ഈ ബാഗുകൾ നനഞ്ഞാലും അതിവേഗം ഉണങ്ങുമെന്നതാണ് പ്രത്യേകത.

ആകർഷകമായ ഡിസൈനുകൾക്ക് പി​ന്നാലെ പോകാതെ ഗുണനിലവാരം കൂടിയ ഇത്തരം ബ്രാൻഡഡ് സാധനങ്ങളാണ് പലരും വാങ്ങുന്നത്. വാങ്ങുന്നത്. പ്രമുഖ ബ്രാൻഡുകളുടെ പേരുകളിൽ ഒരു അക്ഷരം വ്യത്യാസം വരുത്തി വിപണിയിലെത്തുന്ന വ്യാജന്മാരെ മാതാപിതാക്കൾ കൃത്യമായി തിരിച്ചറിയുന്നത് ഇത്തവണ വ്യാജവിപണിക്ക് വലിയ തിരിച്ചടിയായി.

ഒരു സാധാരണ കടയിൽ പോലും കുറഞ്ഞത് 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് ദിനംപ്രതിയുള്ള കച്ചവടം. ചിലയിടങ്ങളിൽ ഇത് രണ്ട് ലക്ഷം കടക്കുന്നുണ്ട്. പരമാവധി വില കുറച്ചു നൽകിക്കൊണ്ടാണ് വ്യാപാരികൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. രണ്ടു മൂന്നു ദി​വസം കൂടി​ കഴി​യുന്നതോടെ വിപണി ഏറ്റവും ഉയർന്ന തിരക്കിലേക്ക് എത്തിച്ചേരുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ.

വിലവിവരങ്ങൾ ചുരുക്കത്തിൽ

 വിവിധ ബ്രാൻഡുകളിലുള്ള സ്കൂൾ ബാഗുകൾ 450 രൂപ മുതൽ 3000 വരെ

 സാധാരണ കുടകൾക്ക് 150 മുതൽ, ബ്രാൻഡഡ് കുടകൾക്ക് 300 രൂപ കടക്കും

 നോട്ട് ബുക്കുകൾക്ക് 27 മുതൽ

 പെൻസിൽ ബോക്സുകൾ 50 മുതൽ 500 രൂപയ്ക്കുവരെ വരെ ലഭ്യം

 വാട്ടർ ബോട്ടിലുകൾക്ക് 50 മുതൽ 800 രൂപ വരെ