ഡ്രൈവർമാരില്ല, കെ.എസ്.ആർ.ടി.സി സർവീസുകൾ വെട്ടിക്കുറച്ചു

Sunday 31 May 2026 12:03 AM IST

കൊല്ലം: ഡ്രൈവർമാരുടെ ക്ഷാമം കാരണം ജില്ലയിലെ എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും സർവീസ് വെട്ടിക്കുറയ്ക്കുന്നു. നാളെ സ്കൂൾ തുറക്കുന്നതോടെ നിരത്തിലിറങ്ങുന്ന ബസുകളിൽ തിക്കും തിരക്കും വർദ്ധിക്കും.

ജില്ലയിലെ ഏഴ് ഡിപ്പോകളിലും രണ്ട് ഓപ്പറേറ്റിംഗ് സെന്ററുകളിലുമായി നൂറോളം ഡ്രൈവർമാരുടെ കുറവാണുള്ളത്. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് സർവീസുകൾ ലാഭകരമായതിനാൽ അത് വെട്ടിക്കുറയ്ക്കില്ല. ഗ്രാമപ്രദേശങ്ങളിലേക്കുള്ള വരുമാനം കുറഞ്ഞ സർവീസുകളാണ് വെട്ടിക്കുറയ്ക്കുന്നത്.

ഇത്തരം പ്രദേശങ്ങളിലേക്ക് കാര്യമായി സ്വകാര്യ സർവീസുകളുമില്ല. സ്ഥിരമായി ആശ്രയിച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഇല്ലാതായതോടെ തൊഴിലാളികൾ അടക്കം കൂടുതൽ പണം നൽകി ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.

വിരമിക്കുന്നവർക്ക് പകരം നിയമനമില്ല

 വിരമിക്കുന്ന സ്ഥിരം ജീവനക്കാർക്ക് പകരം പുതിയ നിയമനം നടക്കാത്തതാണ് സർവീസ് വെട്ടിക്കുറയ്ക്കാൻ ഇടയാക്കിയത്

 സർവീസ് വെട്ടിക്കുറയ്ക്കുന്നത് വിദ്യാർത്ഥികളെ വലയ്ക്കും

 ജില്ലയിൽ സ്വകാര്യ ബസ് സർവീസുകൾ വളരെക്കുറവുള്ള പല റൂട്ടുകളുമുണ്ട്

 മറ്റ് യാത്രക്കാർക്ക് സ്ഥലം കിട്ടില്ലെന്ന് പറഞ്ഞ് ചില സ്വകാര്യ ബസുകൾ വിദ്യാർത്ഥികളെ ഒഴിവാക്കാനും ശ്രമിക്കും

അവധിയില്ലാതെ ബദലി ജീവനക്കാർ

ഡ്രൈവർമാരുടെ ക്ഷാമം കാരണം തലേന്ന് ഡബിൾ ഡ്യൂട്ടി ചെയ്ത ഡ്രൈവർമാരെയും തൊട്ടടുത്ത ദിവസം ജോലിക്കായി നിർബന്ധപൂർവം വിളിച്ചുവരുത്തുകയാണ്. ബദലി ജീവനക്കാരിൽ വലിയൊരു വിഭാഗം ഇത്തരത്തിൽ അവധിയില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയിലാണ്.

ഡ്രൈവർ കം കണ്ടക്ടർ നിയമനം

ഡ്രൈവർ ജോലിക്ക് മാത്രമായി പുതിയ താത്കാലിക നിയമനം വേണ്ടെന്നാണ് കെ.എസ്.ആർ.ടി.സിയുടെ ആലോചന. ജില്ലയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 109 ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിക്കാനാണ് നീക്കം. ഇവരെ ദീർഘദൂര സർവീസുകളിൽ നിയോഗിക്കും. 129 കണ്ടക്ടർമാരെയും ജില്ലയിൽ നിയമിക്കും.