കരുനാഗപ്പള്ളി:ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഓച്ചിറ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നിലവിലുണ്ടായിരുന്ന ലൈനുകൾ അഴിച്ചുമാറ്റിയതിന്റെ ഭാഗമായുള്ള പഴയ ഇരുമ്പ് പോസ്റ്റുകൾ ഓച്ചിറ പള്ളിമുക്കിന് സമീപത്തു നിന്നും മോഷ്ടിച്ചു കൊണ്ടുപോയ സംഭവത്തിൽ അന്വേഷണവും നടപടിയും ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു. 24 ഓളം ഇരുമ്പ് പോസ്റ്റുകൾ ആണ് മോഷണം പോയത്. ഇത് സംബന്ധിച്ച് കഴിഞ്ഞ 23ന് കെ.എസ്.ഇ.ബി അധികൃതർ ഓച്ചിറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ മോഷ്ടാക്കളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഓച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാർ തന്നെ മുൻകൈയെടുത്ത് സമീപപ്രദേശത്തെ പള്ളിയിൽ നിന്ന് സി.സി.ടി.വി ദൃശ്യം ശേഖരിച്ച് പൊലീസിന് കൈമാറിയിരുന്നു. അതിൽ നിന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല എന്ന ആക്ഷേപമാണ് ജീവനക്കാരുടെ സംഘടന മുന്നോട്ടുവെക്കുന്നത്. സംഭവം ഒതുക്കി തീർക്കാതെ കുറ്റവാളികളെ പിടികൂടുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) കരുനാഗപ്പള്ളി ഡിവിഷൻ കമ്മിറ്റി കരുനാഗപ്പള്ളി എ.സി.പിക്ക് പരാതി നൽകി. ഇരുമ്പ് പോസ്റ്റുകൾ മോഷ്ടിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വർക്കേഴ്സ് അസോസിയേഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |