കൊല്ലം: വിവിധ ജില്ലകളിൽ നിന്ന് സ്കൂൾ ഗെയിംസ് മത്സരത്തിൽ പങ്കെടുക്കാൻ കൊല്ലം നഗരത്തിലെത്തിയ താരങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനും വിശ്രമിക്കാനും ഉറങ്ങാനും ഇടമില്ല. കൊല്ലം റെയിൽവേ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ജൂഡോ മത്സരത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികളും രക്ഷിതാക്കളും പരിശീലകരുമാണ് അധികം വലയുന്നത്.
പെൺകുട്ടികൾ സഹിതം 600ൽ അധികം വിദ്യാർത്ഥികളാണ് ജൂഡോയിൽ പങ്കെടുക്കാനെത്തിയത്. ഇതിൽ ഇടുക്കിയിൽ നിന്നെത്തിയ കായിക താരങ്ങൾക്ക് കൊല്ലം ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് താമസ സൗകര്യം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, വെള്ളമോ, വെളിച്ചമോ, കിടക്കാൻ വേണ്ട സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല, പെൺകുട്ടികൾ ഉൾപ്പെടെയുള്ള കായിക താരങ്ങൾക്ക് പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ കക്കൂസിൽ വെള്ളം പോലും ഉണ്ടായിരുന്നില്ല. ഞായറാഴ്ച സന്ധ്യയോടെയാണ് ഇവരിൽ ഭൂരിഭാഗവും എത്തിയത്.
സ്കൂളിന്റെ മുകളിലത്തെ നിലയിലെ ക്ലാസ് മുറികളിലായിരുന്നു തങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, ഇന്നലെ പ്രവൃത്തി ദിനമായതിനാൽ അദ്ധ്യപാകരെത്തി രാവിലെ കായിക താരങ്ങളെ സ്‌ക്കൂളിൽ നിന്നും ഇറക്കി വിട്ടു. വസ്ത്രങ്ങളടക്കം ചുമന്നാണ് ഇവർ മത്സര വേദയിലെത്തിയത്. റെയിൽവേ ഹാളിലെ സ്ഥല പരിമിതിയും താരങ്ങളുടെ പ്രകടനത്തെ ബാധിച്ചതായും പരാതിയുണ്ട്. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികളും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സ്ഥലം തേടി ഓടി നടക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |