കൊല്ലം: ചടയമംഗലം മുതൽ കൊല്ലം കടപ്പാക്കട വരെ ഒരു പാതിരാത്രി പൊലീസ് സിനിമാസ്റ്റൈലിൽ പിന്തുടർന്ന് കടപ്പാക്കടയിൽ വച്ച് സാഹസികമായി പിടികൂടിയ കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീതിനെ മൂന്ന് കേസുകളിൽ കോടതി വെറുതെവിട്ടു.
ചടയമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ തെളിവുകളില്ലെന്ന് പറഞ്ഞ് കൊട്ടാരക്കര അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്.
2021 ജനുവരി 14ന് അർദ്ധരാത്രിയിൽചടയമംഗലം ബ്ലോക്ക് ഓഫീസിന് സമീപം അറഫാ ഫിഷ് മാർക്കറ്റിന് മുന്നിൽ വച്ച് പെട്ടി ഓട്ടോ തടഞ്ഞുനിറുത്തി ഷാജി എന്നയാളെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും 2130 രൂപയും പിടിച്ചുപറിച്ചു. ഇതേദിവസം പുലിക്കോട് ജുമാ മസ്ജിദ് പള്ളിക്ക് മുൻവശം പുലർച്ചെ രണ്ടേകാലിന് പെട്ടി ഓട്ടോ തടഞ്ഞുനിറുത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി, തുടർന്ന് ആയുർ ശില്പ ബാറിന് മുൻവശം ആൾട്ടോ കാർ തട്ടിയെടുത്തു. എന്നീ കേസുകളിലാണ് വടിവാൾ വിനീതിനെ കോടതി കുറ്റവിമുക്തനാക്കിയത്.
സംഭവശേഷം വിവിധ സ്റ്റേഷനുകളിലെ പൊലീസുകാർ പിന്തുടർന്നാണ് വിനീതിനെ പിടികൂടിയത്. പക്ഷെ സംശയാതീതമായി കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസ് അന്വേഷണത്തിൽ വന്നിട്ടുള്ള വീഴ്ച സംബന്ധിച്ച് കേസുകളുടെ വിധി പകർപ്പുകൾ അയച്ചുകൊടുത്ത് ബോദ്ധ്യപ്പെടുത്താനും ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നിർദേശങ്ങൾ നൽകാനും കോടതി പറഞ്ഞു. പ്രതിക്ക് വേണ്ടി അഭിഭാഷകനായ കുന്നത്തൂർ ബിജീഷ്.എസ്.പിള്ള ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |