'മോദി സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾ അവസാനിപ്പിക്കണം'
Monday 04 May 2026 1:10 AM IST
ആലുവ: നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നയങ്ങൾ മൂലം കർഷകർ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണെന്ന് അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ദിനകരൻ പറഞ്ഞു.
കിസാൻ സഭ ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന അതുൽ കുമാർ അജ്ഞാൻ അനുസ്മരണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക ഉത്പന്നങ്ങളുടെ താങ്ങുവില ഉറപ്പാക്കാതെ സ്വകാര്യ കമ്പനികളുടെ കൈയിൽ വിപണി ഏൽപ്പിക്കുന്നതെന്നും കാർഷിക ബില്ലുകൾ പോലുള്ള നിയമങ്ങൾ കർഷകരുമായി ആലോചിക്കാതെയാണ് പാസാക്കിയതെന്നും ദിനകരൻ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് അനുസ്മരണപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എ.പി. ഷാജി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ.കെ. ശിവൻ, എം.ടി. സുനിൽകുമാർ, പി.വി. പ്രകാശൻ, എം.എസ്. അലിയാർ, കെ.പി. ഏലിയാസ്, ഇസ്മായിൽ പൂഴിതറ എന്നിവർ സംസാരിച്ചു.