30 വർഷമായി വാടക കെട്ടിടത്തിൽ കുടുങ്ങി ജീവൻ രക്ഷാ സേന
സ്വയം സുരക്ഷയില്ലാതെ വടക്കഞ്ചേരി ഫയർഫോഴ്സ് വടക്കഞ്ചേരി: അഗ്നിബാധയോ അപകടമോ ഉണ്ടായാൽ ആദ്യം ഓടിയെത്തേണ്ടവരാണ് ഫയർഫോഴ്സ്. എന്നാൽ ജീവൻ രക്ഷിക്കാൻ ഓടുന്ന സേനയ്ക്ക് സ്വന്തം ജീവൻ സുരക്ഷിതമാല്ലാത്ത അവസ്ഥയിലാണ്. കഴിഞ്ഞ മുപ്പത് വർഷമായി ഒരു വാടക കെട്ടിടത്തിലാണ് ഈ അത്യാവശ്യ സേവന വിഭാഗത്തിന്റെ പ്രവർത്തനം. അഞ്ചുമൂർത്തിമംഗലത്ത് പഴയ തീപ്പെട്ടി കമ്പനിയുടെ ഒടുമേഞ്ഞ കെട്ടിടത്തിലാണ് ഇന്നും വടക്കഞ്ചേരി ഫയർസ്റ്റേഷൻ പ്രവർത്തിക്കുന്നത്. കാലപ്പഴക്കത്തിൽ ചിതലെടുത്ത് നശിച്ച കെട്ടിടം ഏത് നിമിഷവും തകർന്നുവീഴാമെന്ന സ്ഥിതിയിലാണ്. മഴക്കാലം എത്തുമ്പോൾ ആശങ്ക ഇരട്ടിയാകും. ഓരോ കാലവർഷവും അപകടമില്ലാതെ കടന്നുപോകണമെന്ന പ്രാർത്ഥനയാണ് ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരുടെ മനസിൽ. 1995 ആഗസ്റ്റ് 5ന് ആരംഭിച്ച ഫയർസ്റ്റേഷൻ, രണ്ട് വർഷത്തിനകം സ്വന്തമായി ഭൂമി കണ്ടെത്തി കെട്ടിടം പണിയുമെ ന്ന വാഗ്ദാനത്തോടെയാണ് തുടങ്ങിയത്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും വാഗ്ദാനങ്ങൾ യാഥാർത്ഥ്യമായില്ല.
ഇതിനിടെ കെ.എസ്.ആർ. ടി.സി സബ് ഡിപ്പോയിൽ നിന്ന് 40 സെന്റ് സ്ഥലം ലഭിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലെത്തിയെങ്കിലും അവസാന നിമിഷത്തിൽ അത് നടന്നില്ല. വികസന ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ പിന്നോട്ടുപോയതോടെ ഫയർസ്റ്റേഷന്റെ പ്രതീ ക്ഷകളും തകർന്നു. ദേശീയപാതയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നതും വലിയ പ്രശ്നമാണ്. എമർജൻസി കോൾ ലഭിച്ചാൽ ഫയർ യൂണിറ്റുകൾക്ക് സമയത്ത് സ്ഥലത്തെത്താൻ ബുദ്ധിമുട്ട് നേരിടുന്നു. ഇപ്പോൾ കണ്ണമ്പ്രയിലെ വ്യവസായ പാർക്കിനായി ഏറ്റെടുത്ത സ്ഥലത്ത് ഫയർസ്റ്റേഷനു സ്ഥലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. മേരിഗിരി കല്ലിങ്കൽപ്പാടം റോഡിന് സമീപം അനുയോജ്യമായ സ്ഥലം ലഭിച്ചാൽ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും. ഇതും അവസാന നിമിഷം കൈവിട്ടാൽ വടക്കഞ്ചേരിക്ക് ഫയർസ്റ്റേഷൻ തന്നെ നഷ്ടമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും.