അപകട മേഖലയായി കടയ്ക്കാവൂർ

Sunday 03 May 2026 1:51 AM IST

കടയ്ക്കാവൂർ: ആലംകോട് - മീരാൻ കടവ് റോഡ് ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയർത്തിയതോടെ ഇവിടെ അപകടങ്ങളും വർദ്ധിക്കുന്നു. യാതോരു നിയന്ത്രണമവും ഇല്ലാതെ ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾ തടയാനോ വേണ്ട നടപടി സ്വീകരിക്കാനൊ ഇവിടെ സംവിധാനമില്ലെന്നാണ് നാട്ടുകാരുടെ പരാതി. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ നാൾക്കുനാൾ നടക്കുന്നത്. കാതടപ്പിക്കുന്ന ശബ്ദത്തിൽ ചീറിപ്പാഞ്ഞുവരുന്ന ഇരുചക്രവാഹനങ്ങളും പരിധിയിൽക്കൂടുതൽ യാത്രക്കാരുമായി പോകുന്ന ഓട്ടോ റിക്ഷകളും അമിതവേഗത്തിൽ പോകുന്ന മറ്റുവാഹനങ്ങളെല്ലാം ഇതിൽപ്പെടും. ഈ വഴി കാൽനടയാത്രപോലും ദുസഹമാണ്. 

കടയ്ക്കാവൂർ കോ- ഓപ്പറേറ്റീവ് ബാങ്കിന് സമീപം ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചുതെങ്ങ് കായിക്കര സ്വദേശിനി സഖി (11)യും കടയ്ക്കാവൂർ - മണനാക്ക് റോഡിൽ ഓട്ടോ ഫുട്പാത്തിൽ ഇടിച്ചു കയറി ബിനോയ്(10)​യും മരിച്ചതാണ് ഒടുവിലത്തെ സംഭവം. ബിനോയിയുടെ അമ്മ ബിജി ചികിത്സയിലാണ്.