കോട്ടയം . കോട്ടയത്തിന് അനുവദിച്ച അതിവേഗ എ സി ബോട്ടായ വേഗ എന്ന് നീറ്റിലിറങ്ങും എന്ന് ചോദിച്ചാൽ അധികൃതരും ആദ്യം ഒന്ന് കൈമലർത്തും. ചോദ്യം വീണ്ടും ആവർത്തിക്കുമ്പോൾ ബോട്ടിന്റെ നിർമ്മാണ ജോലികൾ പുരോഗമിക്കുന്നു, ഉടൻ എത്തും എന്ന ഒഴുക്കൻ മറുപടി നൽകും. കോടിമതയിൽ വേഗ എത്തുമെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. യാത്രക്കാരും കാത്തിരിക്കുകയാണ്. കുറഞ്ഞസമയത്തിൽ കുറഞ്ഞ ചെലവിൽ കായൽ യാത്ര ആസ്വദിക്കാമെന്നതാണ് വേഗ ബോട്ടുകളുടെ പ്രത്യേകത. കായൽപ്പരപ്പിലെ യാത്രയ്ക്ക് തോന്നുംപടി ചാർജാണ് സ്വകാര്യ ഹൗസ് ബോട്ടുകളും ശിക്കാര ബോട്ടുകളും ഈടാക്കുന്നത്. ജലഗതാഗതം പ്രോത്സാഹിപ്പിക്കാൻ പാസഞ്ചർ സർവീസിനൊപ്പം ടൂറിസം സാദ്ധ്യതയും പ്രയോജനപ്പെടുത്തുകയാണ് വേഗ ലക്ഷ്യമിടുന്നത്. ആലപ്പുഴ, വൈക്കം എന്നിവിടങ്ങളിലാണ് നിലവിൽ വേഗ ബോട്ടുകൾ സർവീസ് നടത്തുന്നത്. വൻലാഭത്തിലുമാണ് ഓടുന്നത്.
120 യാത്രക്കാർക്ക് ഇരുന്ന് യാത്ര ചെയ്യാമെന്നതാണ് പ്രത്യേകത. എ സി സീറ്റുകൾ, നോൺ എ സി സീറ്റുകൾ എന്നിവയുണ്ടാകും. കേരളത്തിന്റെ തനതായ നാടൻ ഭക്ഷണങ്ങൾ, സ്‌നാക്‌സ് തുടങ്ങിയവയാണ് മറ്റൊരു പ്രധാന ആകർഷണം. കോട്ടയത്ത് വേഗ എത്തിയാൽ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കണ്ടക്ടഡ് ടൂർ ട്രിപ്പും സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ വൺഡേ ട്രിപ്പ് മാതൃകയിൽ സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നത്.
സർവീസ് ക്രമം ഉദ്ദേശിക്കുന്നത്.
കോട്ടയത്ത് നിന്നാരംഭിച്ച് ചിത്തിരക്കായൽ വഴി തണ്ണീർമുക്കം, പാതിരമണൽ എന്നിവിടങ്ങളിൽ സർവീസ് നടത്താനാണ് പദ്ധതി. രാവിലെ 10 ന് ആരംഭിച്ച് വൈകിട്ടോടെ തിരിച്ചെത്തുന്ന തരത്തിലാകും സർവീസ്. ഇടയ്ക്ക് ഉച്ചഭക്ഷണവും ഉണ്ടാകും.
സ്‌റ്റേഷൻ മാസ്റ്റർ നജീബ് പറയുന്നു.
ബോട്ട് യാർഡിൽ വേഗയുടെ നിർമണം പുരോഗമിക്കുകയാണ്. ഓണത്തിന് മുമ്പ് സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |