കോട്ടയം: പാചക വാതക വില കുടുംബ ബഡ്‌ജറ്റ് തകർക്കുന്നതിനിടെ ബയോഗ്യാസ് നിർമ്മിച്ചവർക്ക് സബ്സിഡിയായി കൊടുക്കാനുള്ളത് 24.80 ലക്ഷം രൂപ. 2020 മുതൽ ഇതുവരെ വിതരണം ചെയ്യേണ്ട തുകയാണിത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേതാണ് സബ്സിഡി വിഹിതം. മൂന്ന് വർഷത്തെ സംസ്ഥാന വിഹിതവും രണ്ട് വർഷത്തെ കേന്ദ്ര-സംസ്ഥാന വിഹിതവുമാണ് മുടങ്ങിയത്.
അതേസമയം പശുവളർത്തുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടും ബയോഗ്യാസിന്റെ സാദ്ധ്യത പ്രയോജനപ്പെടുത്തുന്നവരും കുറഞ്ഞു. 2020ൽ 62 പേരാണ് ബയോഗ്യാസ് പ്ളാന്റുകൾ നിർമ്മിച്ചത്. ഇതിൽ മുഴുവൻ കേന്ദ്ര വിഹിതവും നൽകിയെങ്കിലും 22 പേർക്ക് മാത്രമാണ് സംസ്ഥാന വിഹിതം ലഭിച്ചത്. 3.2 ലക്ഷം രൂപ ഇനിയും കുടിശികയുണ്ട്. എന്നാൽ 21-22, 22-23 സാമ്പത്തിക വർഷങ്ങളിലെ കേന്ദ്ര-സംസ്ഥാന വിഹിതത്തിൽ നിന്ന് ഒരു രൂപ പോലും നൽകിയിട്ടില്ല. 21-22ൽ 76ഉം 22-23ൽ 32 പേരാണ് പ്ളാന്റ് നിർമ്മിച്ചത്.
പശുവളർത്തൽ കൂടി, ബയോഗ്യാസ് കുറഞ്ഞു
കൊവിഡിന് ശേഷം ജില്ലയിലെ പശുവളർത്തലിൽ 40 ശതമാനത്തിൽ കൂടുതൽ വർദ്ധനവുണ്ടായിട്ടും അതിനനുസരിച്ചുള്ള ബയോഗ്യാസ് പ്ളാന്റുകൾ നിർമ്മിച്ചിട്ടില്ല. ഒരു കുടുംബത്തേയ്ക്കുള്ള ബയോഗ്യാസ് പ്ലാന്റുകൾക്ക് ജൈവ മാലിന്യം മാത്രം മതി. കാർഷിക വികസന - കാർഷിക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെയാണ് പ്ലാന്റുകൾക്കായി ആനുകൂല്യം അനുവദിക്കുന്നത്. പട്ടികജാതി വർഗ വിഭാഗങ്ങൾക്ക് സബ്സിഡി തുക കൂടുതലാണെങ്കിലും വിരലിൽ എണ്ണാവുന്നവർ മാത്രമാണ് അപേക്ഷിക്കുന്നത്.
ബയോഗ്യാസ് നിർമ്മിക്കാൻ വേണ്ടത്
നിരപ്പായ അധികം ഉയരത്തിലല്ലാത്ത സ്ഥലം
തൊഴുത്തിനും അടുക്കളയ്ക്കുമിടയിലെ സ്ഥലത്ത് പ്ലാന്റ് പണിയാം
കിണറിൽ നിന്ന് 15 മീറ്റർ അകലം
വലിയ മരങ്ങളുടെ വേരില്ലാത്ത സ്ഥലം
പ്രാന്റ് നിർമ്മിച്ചത് 62 പേർ
21-22ൽ ബയോഗ്യാസ് പ്ളാന്റ് നിർമ്മിച്ചവർ- 76
22-23ൽ പ്ളാന്റ് നിർമ്മിച്ചവർ- 32
2020ൽ പ്ളാന്റ് നിർമ്മിച്ചവർ- 62
സംസ്ഥാന വിഹിതം ലഭിച്ചവർ- 22
കിട്ടാനുള്ള കുടുശ്ശിക- 3.2 ലക്ഷം രൂപ
2021-23 വരെ ഒരു രൂപ പോലും നൽകിയിട്ടില്ല.
സബ്സിഡി തുകയിങ്ങനെ
ജനറൽ വിഭാഗം- 20,000 രൂപ
എസ്.സി, എസ്.ടി- 22,000 രൂപ
കേന്ദ്ര വിഹിതം: ജനറൽ- 12000 രൂപ
എസ്.സി, എസ്.ടി- 13,000 രൂപ
സംസ്ഥാന വിഹിതം: ജനറൽ- 8000 രൂപ
എസ്.സി, എസ്.ടി- 9000 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |