കോട്ടയം . എൻജിനിയറിംഗ് ബിരുദധാരിയായ ആതിര കൊവിഡിൽ ജോലി നഷ്ടമായെങ്കിലും തളർന്നില്ല. കമുകിൻ പാളകളെ ചേർത്ത് പിടിച്ച് ജീവിതം കരുപ്പിടിപ്പിച്ചു. ഇന്ന് പാം പെറ്റേഴ്‌സ് ഇക്കോവെയർ എന്ന സ്ഥാപനത്തിന്റെ ഉടമയായ ആതിര ഇക്കോ ഫ്രണ്ട്‌ലി മാതൃകയിൽ പാളകളിൽ നിന്ന് വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങൾ നിർമ്മിച്ച് വിജയഗാഥ സൃഷ്ടിക്കുകയാണ്. പോളിടെക്‌നിക് കോളേജിൽ ഗസ്റ്റ് ലക്ചറായി സേവനം ചെയ്ത ശേഷം വെള്ളൂരിലെ പൊതുമേഖല സ്ഥാപനത്തിൽ ഇൻഡസ്ട്രിയൽ എൻജിനിയറായിരിക്കെയാണ് വില്ലനായി കൊവിഡ് എത്തിയത്. ജോലി നഷ്ടപ്പെട്ടതോടെ സ്വന്തമായി ഒരു സംരംഭം എന്ന ആശയം മനസിലുദിച്ചു. പേപ്പർ പ്ലേറ്റ് നിർമ്മാണരംഗത്തേയ്ക്ക് ഇറങ്ങാനായിരുന്നു തീരുമാനം. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിൽ ഇക്കോ ഫ്രണ്ട്‌ലി മാതൃകയിലായിരിക്കണമെന്നതിനാൽ, കരിമ്പിൻ ചണ്ടിയിൽ പരീക്ഷണം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്നാണ് പുരയിടങ്ങളിൽ പാഴായി കിടക്കുന്ന പാള ഉപയോഗിച്ച് പ്ലേറ്റ് നിർമ്മാണം തുടങ്ങിയത്.
ഒരു വർഷം മുൻപ് കുടുംബശ്രീയുടെ സഹായത്തോടെ ഇൻഡസ്ട്രിയൽ ഡവലപ്പ്മെന്റ് പി എം ഇ ജി സ്‌കീമിൽ നിന്ന് ലോണെടുത്ത് സംരംഭത്തിന് തുടക്കമിട്ടു. തിരുവഞ്ചൂരിൽ വീടിനു സമീപത്തായി കെട്ടിടം വാടകയ്‌ക്കെടുത്തു. 11 സെറ്റ് മോൾഡിംഗ് മെഷീനുകൾ വാങ്ങി. 10 ലക്ഷം രൂപ ചെലവായി. കുടുംബശ്രീ അംഗങ്ങളും സമീപവാസികളുമായ മൂന്ന് വനിതകളെയും സഹായികളായി ഒപ്പംകൂട്ടി. ബൗൾ, സോപ്പ് ബോക്‌സ്, വിവിധ തരത്തിലുള്ളതും സ്‌ക്വയർ, റൗണ്ട് പ്ലേറ്റ് എന്നിങ്ങനെ ഉത്പാദിപ്പിച്ചു. റിസോർട്ടുകൾ, ക്ഷേത്രങ്ങൾ, പള്ളികൾ, പരിപാടികൾ, കാറ്ററിംഗ് വർക്കുകൾ എന്നിവിടങ്ങളിലേക്ക് ഓർഡർ ലഭിച്ചു തുടങ്ങിയതോടെ സംരഭം വിജയമായി. പാളയ്ക്ക് ക്ഷാമം നേരിടുന്ന മാസങ്ങളിൽ തുണി ഉപയോഗിച്ച് കാരി ബാഗ് നിർമ്മിക്കും. തിരുവഞ്ചൂർ പാർവ്വണം വീട്ടിൽ ഗോകുലാണ് ഭർത്താവ്. മകൻ : ത്രിലോക്.
വിപണനത്തിനും ഒറ്റയ്ക്ക്
സൂപ്പർമാർക്കറ്റിൽ ആതിര നേരിട്ടെത്തിച്ചാണ് വിപണനം. സേലം, കർണാടക, തമിഴ്‌നാട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് പാള ശേഖരിയ്ക്കുന്നത്. ഒരു ദിവസം 350 മുതൽ 400 വരെ പാള വേണ്ടിവരും. ഒരു പാളയ്ക്ക് മൂന്ന് രൂപ മുതൽ 5 രൂപവരെയാണ് വില. പ്ലേറ്റ് 12 ഇഞ്ച് 8 രൂപ, 10 ഇഞ്ച് 6 രൂപ, 8 ഇഞ്ച് 5 രൂപ, 6 ഇഞ്ച് 4 രൂപ, 5 ഇഞ്ച് ഡിപ് ബൗൾ 3.50 രൂപ, 5 ഇഞ്ച് റൗണ്ട് ബൗൾ 3 രൂപ, കാരിബാഗ് 15 രൂപ, സോപ്പ് ബോക്‌സ് 3 രൂപ എന്നിങ്ങനെയാണ് വില. പാളയുടെ മാലിന്യം ഉപയോഗിച്ച് കാലിത്തീറ്റ നിർമ്മിക്കുന്നതിനും കൂടുതൽ വനിതകൾക്ക് തൊഴിൽ നൽകണമെന്നതുമാണ് ആഗ്രഹമെന്ന് ആതിര പറയുന്നു.
നിർമ്മാണം ഇങ്ങനെ
പാള കുത്തൻ പിടിയ്ക്കാതിരിക്കാനും കേടാകാതിരിക്കാനും രണ്ട് ദിവസം വെയിലത്തിട്ട് ഉണങ്ങും. ശേഷം രണ്ട് മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്തശേഷം കഴുകിയെടുക്കും. വെള്ളം വലിഞ്ഞശേഷം മോൾഡിംഗ് മെഷീനിൽ വെച്ച് ഓരോ ഉത്പന്നവും ഹീറ്റ് ചെയ്‌തെടുക്കും. സൈസ് അനുസരിച്ചാണ് ഹീറ്റിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |