കോട്ടയം . കായൽ സൗന്ദര്യം ആസ്വദിച്ച് കോടിമതയിൽ നിന്ന് ആലപ്പുഴയിലേക്ക് ബോട്ട് യാത്ര നടത്താൻ സഞ്ചാരികളുടെ തിരക്കേറുമ്പോൾ വില്ലനായി പോളയും, പൊക്ക് പാലങ്ങളും. വിദേശ സഞ്ചാരികൾ ഉൾപ്പടെ നിരവധിപ്പേരാണ് ദിനംപ്രതി എത്തുന്നത്. എന്നാൽയാത്രയ്ക്ക് തടസമാകുകയാണ് പുത്തൻതോട്ടിലൂടെ കടന്നു പോകുന്ന അഞ്ച് പൊക്കുപാലങ്ങളും തിങ്ങിനിറഞ്ഞ് കിടക്കുന്ന പോളയും. ജലഗതാഗതവകുപ്പിന്റെ രണ്ട് ബോട്ടുകളാണ് സർവീസ് നടത്തുന്നത്. 29 രൂപയാണ് ടിക്കറ്റ് നിരക്ക്. സ്വകാര്യ ബോട്ടുകളും സർവീസ് നടത്തുന്നുണ്ട്. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചുങ്കംമുപ്പതിൽ പാലമാണ് ബോട്ടുകൾക്ക് കൂടുതൽ ദുരിതം സൃഷ്ടിക്കുന്നത്. മറ്റ് പാലങ്ങൾ കയർ ഉപയോഗിച്ചാണ് ഉയർത്തുന്നത്. ബോട്ട് കടന്നു പോകുന്ന സമയത്ത് വൈദ്യുതിയില്ലാതെ വന്നാൽ പാലം ഉയർത്താനാകില്ല. പകരംസംവിധാനമായി കയർ ഉപയോഗിച്ച് പാലം ഉയർത്താൻ കഴിയാത്തതാണ് പ്രതിസന്ധി. ആലപ്പുഴയിൽ നിന്നും കോട്ടയത്ത് നിന്നും രാവിലെ 11 ഓടെ ചുങ്കം മുപ്പതിൽ പാലത്തിന് സമീപം ഒരുപോലെ എത്തുന്ന ബോട്ടിൽ പരസ്പരം യാത്രക്കാരെ മാറ്റിയാണ് സർവീസ് നടത്തുന്നത്. അതിനുശേഷമെത്തുന്ന ബോട്ടുകൾ പാലം ഉയർത്തുന്നതുവരെ കാത്തിരിക്കണം.
ബോട്ടുകൾക്ക് തകരാർ തുടർക്കഥ
പോള നിറഞ്ഞ ജലപാതയിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് ബോട്ട് സർവീസ് നടത്തുന്നത്. കച്ചേരിക്കടവ്, ഈരയിൽക്കടവ്, മണിപ്പുഴ, നാട്ടകം ബൈപ്പാസ് തുടങ്ങി മറ്റ് ജലപാതകളിലും കൊടൂരാറിന്റെ കൈവഴികളിലും പോള നിറഞ്ഞു. പുല്ലും പോളയും പ്രൊപ്പല്ലറിൽ കുരുങ്ങി ബോട്ടുകൾക്ക് തകരാറും തുടർക്കഥയാണ്. കോടിമതയിൽ നിന്നുള്ള ബോട്ടിനെ സ്‌കൂൾ വിദ്യാർത്ഥികളടക്കം ആശ്രയിക്കുന്നുണ്ട്. ജെട്ടിയിൽ ബോട്ട് അടുപ്പിക്കാനും പ്രയാസമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |