ചങ്ങനാശേരി : പമ്പയുടെയും മണിമലയാറിന്റെയും കൈവഴിയായ പുത്തനാറും എ.സി കനാലും കരകവിഞ്ഞതോടെ
ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്കഭീതി. ആറിന് സമീപം താമസിക്കുന്ന നിരവധി വീടുകളിലും, ചങ്ങനാശേരി - ആലപ്പുഴ റോഡിന്റെ ഇരുവശങ്ങളിലുമുള്ള വീടുകളിലും വെള്ളം കയറി. എ.സി കോളനി, പൂവം, അംബേദ്കർ കോളനി, പൂവം റോഡ് തുടങ്ങി പ്രദേശങ്ങളിലും സ്ഥിതി ഗുരുതരമാണ്. പ്രദേശത്തേക്കുള്ള ഗതാഗതവും പൂർണ്ണമായി തടസപ്പെട്ടു. പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽപെടുന്ന മൂലേപുതുവൽ, നക്രാൽപുതുവൽ, അറുനൂറിൽപുതുവൽ, കോമങ്കേരിച്ചിറ, എടവന്തറ, എ.സി കോളനി, കാവാലിക്കരിച്ചിറ എന്നിവടങ്ങളിലും, വാഴപ്പള്ളി പഞ്ചായത്തിലെ വെട്ടിത്തുരുത്ത്, തുരുത്തേൽ, പറാൽ, കുമരങ്കരി, നത്തനടിച്ചിറ, ഈരത്ര ഇഞ്ചൻതുരുത്ത്, ചാമ, തൂപ്രം, പുതുച്ചിറ തൃക്കൊടിത്താനം പഞ്ചായത്തിൽ, വേഷ്ണാൽ, ഇരുപ്പാതോടിന് ഇരുവശവും, കുറിച്ചി പഞ്ചായത്തിലെ പടിഞ്ഞാറൻ ഭാഗങ്ങൾ, പെരുന്ന അട്ടിച്ചിറ ലക്ഷംവീട് കോളനിയിലും റെയിൽവേ പുറമ്പോക്കിലുള്ളവരെ പുനരധിവസിപ്പിച്ചിട്ടുള്ള ഭാഗം, നഗരത്തിന്റെ പടിഞ്ഞാറൻ മേഖലകളായ വാലുമ്മേൽച്ചിറ, മഞ്ചാടിക്കര ഭാഗങ്ങളിലും കോണത്തോടി, മാടത്താനി പ്രദേശങ്ങളിലും ആവണി, മനയ്ക്കച്ചിറ, പൂവം പാലം, പാറയ്ക്കൽ കലുങ്ക്, കിടങ്ങറ പെട്രോൾപമ്പിനു സമീപം തുടങ്ങിയ ഭാഗങ്ങളിൽ വെള്ളം കയറി തുടങ്ങിയത് കുടുംബങ്ങളെ ഭീതിയിലാഴ്‌ത്തുകയാണ്. എ.സി കനാലിൽ പോള നിറഞ്ഞു കിടക്കുന്നതിനാൽ വെള്ളമൊഴുക്ക് സുഗമമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |