കോട്ടയം: വെള്ളപ്പൊക്കവും മടവീഴ്ചയും കർഷകരുടെ ബഹിഷ്കരണവും കാരണം രണ്ടാം കൃഷി അനിശ്ചിതത്വത്തിലായി. മട വീണ് ആയിരത്തിലേറെ ഏക്കർ പാടശേഖരങ്ങൾ വെള്ളത്തിലാണ്. ഇനി മട ഉറപ്പിച്ച് വെള്ളം വറ്റിക്കണം. കീടനാശിനി ഉപയോഗിച്ച് കള നശിപ്പിക്കണം. വീണ്ടും വെള്ളം നിറച്ച് മോട്ടോർ ഉപയോഗിച്ച് വറ്റിച്ചു വേണം ഞാറ് നടാൻ. ആദ്യം വിതച്ച വിത്ത് വെള്ളത്തിലായി. ഇനി സബ്സിഡി ലഭിക്കില്ല. പുതിയ വിത്തു കൂടിയ വിലക്ക് സ്വകാര്യ ഏജൻസികളിൽ നിന്നു വാങ്ങണം. ഹെക്ടറിന് 100 കിലോ വിത്തു വേണം. കിലോക്ക് 44 രൂപയായിരുന്ന വിത്തിന് 50 രൂപയ്ക്കു മുകളിലായി.
എം.എൻ ബ്ലോക്കിൽ കൃഷി ചെയ്യില്ലെന്ന്
ഒന്നാം കൃഷിക്ക് നെല്ല് സംഭരിച്ചതിന്റെ പണം ഇനിയും കിട്ടാത്തതിനാൽ പല കർഷകരും നിലം തരിശിടാനുള്ള നീക്കത്തിലാണ്. കോട്ടയത്ത് 13,000 ഏക്കർ വരുന്ന എം.എൻ ബ്ലോക്ക് പാടശേഖര സമിതി നിലം തരിശിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.തരിശിടുന്നത് നെല്ലിൽ കുറവ് വരുത്തുകയും അരിവില ഉയരുന്നതിനും കാരണമാകും.
കൺസോർഷ്യത്തിലുള്ള എസ്.ബി.ഐയും സർക്കാരും തമ്മിലുള്ള തർക്കം നീളുന്നതിനാൽ നെല്ലിന്റെ പണവും വൈകുകയാണ്. മാർച്ച് 15ന് മുമ്പ് നെല്ല് സപ്ലൈക്കോയ്ക്ക് വിറ്റവർക്ക് മാത്രമേ അക്കൗണ്ടിൽ പണം എത്തിയിട്ടുള്ളൂ. അടുത്ത കൃഷിക്കുള്ള ചെലവ് കാശിന് പലർക്കും കടം കിട്ടാത്ത അവസ്ഥയിലാണ് കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നത്.
ഓണത്തിന് മുമ്പ് കൊയ്‌ത്ത് നടക്കില്ല
രണ്ടാം കൃഷി ഇനി ആരംഭിക്കാൻ ഒരു മാസമെടുക്കും. കുറഞ്ഞത് നാലുമാസം വേണം വിളവെടുപ്പിന്. ഓണക്കാലത്തിന് മുമ്പ് കൊയ്ത്താകില്ല. ഇത് അടുത്ത ഒന്നാം കൃഷിയെയും ബാധിച്ചേക്കും. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ഒന്നും രണ്ടും കൃഷി അനിശ്ചിതത്വത്തിലാകുന്ന ഗുരുതര സ്ഥിതിയാണിപ്പോൾ. ഓണക്കാലം കഴിഞ്ഞും കൊയ്തു വൈകുന്നത് പൊതുവിപണിയിൽ അരി വിലയും ഉയർത്തിയേക്കും.
ഒന്നാം കൃഷിയുടെ നെല്ല് സംഭരിച്ചതിന്റെ പണം നൽകാതെ രണ്ടാം കൃഷി അനിശ്ചിതത്വത്തിലാക്കിയത് സർക്കാരാണ്. ബാങ്കുകാരുമായുള്ള തർക്കത്തിന്റെ പേരിൽ സർക്കാർ കൈ മലർത്തുന്നത് അവസാനിപ്പിക്കണം
വിശ്വനാഥൻ
നെൽക്കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |