കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിവിധ പാർട്ടികൾ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോഴേ സീറ്റ് വിഭജന തർക്കങ്ങൾക്കും തുടക്കമായി. നിലവിലുള്ള സീറ്റുകൾക്ക് പുറമേ വാർഡ് വിഭജനത്തിന്റെ ഭാഗമായുള്ള അധിക സീറ്റിൽ അവകാശവാദമുന്നയിച്ച് പാർട്ടികൾ രംഗത്തെത്തിയതോടെ മുന്നണിയോഗങ്ങൾ തർക്കങ്ങളുടേതാവും. തുടക്കത്തിൽ വിട്ടുവീഴ്ചകൾ വേണ്ടെന്നാണ് പാർട്ടികളുടെ നിലപാട്.
പുന:ക്രമീകരണത്തിന്റെ ഭാഗമായി പഞ്ചായത്തുകളിലും നഗരസഭകളിലും വാർഡുകളിൽ വർദ്ധനവുണ്ടായതാണ് തർക്കത്തിന് ആക്കം കൂട്ടുന്നത്. മുൻപ് നിലവിലുള്ള സീറ്റുകൾക്ക് പുറമേ അധിക സീറ്റ് ചോദിക്കുകയായിരുന്നെങ്കിൽ ഇപ്പോൾ കൂടിയ സീറ്റുകളിൽ അവകാശവാദമുന്നയിക്കുകയാണ്. പല പഞ്ചായത്തുകളിലും തർക്കം ഇപ്പോഴേ ഉച്ചസ്ഥായിയിലാണ്.
യു.ഡി.എഫിൽ തലവേദന
യു.ഡി.എഫിൽ കോൺഗ്രസും മുന്നണി വിടുന്നതിനു മുമ്പു വരെ കേരളാ കോൺഗ്രസ് എമ്മും തമ്മിൽ സീറ്റ് വിഭജന തർക്കവും സൗഹൃദ മത്സരവും പതിവായിരുന്നു. ജോസ് മുന്നണി വിട്ടതിന് ശേഷം ജോസഫ് ഗ്രൂപ്പമായി കാര്യമായ തർക്കമുണ്ടായില്ലെങ്കിലും കോൺഗ്രസിലെ സ്ഥാനാർത്ഥി മോഹികളെ ഒതുക്കാനാണ് നേതൃത്വത്തിന്റെ പെടാപ്പാട്. ഇത്തവണയും ജയസാധ്യതയുള്ള ഭൂരിഭാഗം സീറ്റുകളിലും ഒന്നിലേറെ പേർ ഒരുക്കങ്ങൾ ആരംഭിച്ചത് നേതൃത്വത്തിന് തലവേദനയാണ്. കോട്ടയം പാർലമെന്റ് സീറ്റിൽ വിജയിച്ചതോടെ കൂടുതൽ വാർഡുകളിൽ മത്സരിക്കണമെന്ന നിലപാടാണ് ജോസഫ് ഗ്രൂപ്പിന്.
എൽ.ഡി.എഫിലും പ്രശ്നം
മുൻ വർഷത്തേത് പോലെ എൽ.ഡി.എഫിൽ സി.പി.ഐ, കേരളാ കോൺഗ്രസ് (എം) തർക്കം ഇക്കുറിയും ഉറപ്പായി. കൂടുതൽ സീറ്റുകളിൽ ഇരുപാർട്ടികളും അവകാശവാദമുന്നയിച്ചിട്ടുണ്ട്.
കേരളാ കോൺഗ്രസിന്റെ വരവോടെ മുന്നണിയിൽ തങ്ങൾക്കുണ്ടായിരുന്ന പ്രസക്തി കുറയുന്നെന്നു ഭയക്കുന്ന സി.പി.ഐ ജോസ് വിഭാഗത്തിന്റെ നീക്കത്തിനെ എതിർക്കാൻ ഉറച്ചാണ്. കഴിഞ്ഞ തവണത്തെ പോലെ സി.പി.എമ്മിന്റെ സമ്മർദ്ദത്തിന് വഴങ്ങി കേരളാ കോൺഗ്രസിന് വേണ്ടി സീറ്റുകൾ അടിയറവ് വയ്ക്കേണ്ടെന്നാണ് തീരുമാനം. വാർഡുകൾ കൂടിയതിന്റെ പശ്ചാത്തലത്തിൽ ആനുപാതികമായ സീറ്റുകൾ വേണമെന്ന നിലപാടാണുള്ളതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു പറഞ്ഞു. ജോസ് വിഭാഗവും കൂടുതൽ സീറ്റുകൾ ചോദിക്കുന്നതോടെ തർക്കം പരിഹരിക്കാൻ സമയമെടുക്കുമെന്നുറപ്പായി.
എൻ.ഡി.എ യോഗം ഉടൻ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ് എൻ.ഡി.എ. അധികാരത്തിലുള്ള രണ്ട് പഞ്ചായത്തുകൾ നിലനിറുത്തുന്നതിനൊപ്പം കൂടുതൽ പഞ്ചായത്തുകളിൽ വിജയിക്കുകയാണ് പ്രധാന അജണ്ട. സീറ്റ് ചർച്ചകളിലേയ്ക്ക് കടന്നിട്ടില്ലെങ്കിലും അർഹമായ പരിഗണന വേണമെന്ന നിലപാടിലാണ് ബി.ഡി.ജെ.എസ്. പി.സി ജോർജിന്റെ വരവോടെ പഴയ ജനപക്ഷത്തിന്റെ സ്വാധീന മേഖലകളിലും ക്രൈസ്തവ മേഖലകളിലും പിടിമുറുക്കാമെന്നും ഇവർ കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |