കോട്ടയം: കേരള സർവകലാശാലാ മുൻ വൈസ് ചാൻസിലറും പ്രശസ്ത ന്യൂറോ സർജനുമായ ഡോ.ബി.ഇക്ബാൽ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിൽ നിന്നു രക്ഷപെട്ടത് പേരിലെ സ്പെല്ലിംഗ് വ്യത്യാസത്തിൽ . അടിയന്തിരാവസ്ഥയുടെ അമ്പതാം വാർഷികദിനത്തിലാണ് ഈ വെളിപ്പെടുത്തൽ.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ഞാൻ കോട്ടയം മെഡിക്കൽ കോളേജിൽ ന്യൂറോസർജറി ട്യൂട്ടറായിരുന്നു.സി.പി.എമ്മുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഡോ.സി.എ രാജൻ ആയിരുന്നു ഡിപ്പാർട്ട്മെന്റ് മേധാവി. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനടുത്തുള്ള സാറിന്റെ വീട്ടിലായിരുന്നു പാർട്ടി ജില്ലാ സെക്രട്ടറിയും മുൻ മന്ത്രിയുമായിരുന്ന ടി.കെ രാമകൃഷ്ണൻ ഒളിവിൽ താമസിച്ചിരുന്നത്. ജില്ലാ ഓഫീസിൽ നിന്നുള്ള രഹസ്യമായ 'പാർട്ടി കത്തുകളും' വായിക്കാനുള്ള പുസ്തകങ്ങളും എത്തിച്ചിരുന്നത് ഞാനായിരുന്നു.
ഒരു ദിവസം ഒ.പിയിൽ ഇരിക്കുമ്പോൾ സഹോദരൻ ഷാഫി കാഷ്വാലിറ്റി ഫോണിൽ വിളിച്ച് എന്നെ അറസ്റ്റ് ചെയ്യാനുള്ള വാറണ്ടുമായി പോലീസുകാർ വീട്ടിലെത്തിയിരിക്കുന്നുവെന്നറിയിച്ചു. ഞാൻ രാജൻ സാറിനെ വിവരമറിയിച്ചു. അദ്ദേഹം ഒ.പി കേസുകൾ തുടർന്നും നോക്കാൻ പറഞ്ഞിട്ട് കാറെടുത്ത് പുറത്തേക്ക് പോയി. അരമണിക്കൂറിനുള്ളിൽ തിരിച്ചെത്തി. പേടിക്കേണ്ട പ്രശ്നം പരിഹരിച്ചുവെന്ന് പറഞ്ഞു.
മാവോസേതുങ്ങിന്റെ സമ്പൂർണ കൃതികൾ ഞാൻ വാങ്ങി വീട്ടിൽ വെച്ചിരുന്നു. ഈ പുസ്തകം ഓർഡർ ചെയ്തവരെ കസ്റ്റഡിയിലെടുക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു. പുസ്തകം വീട്ടിലുണ്ടെങ്കിൽ മാറ്റാൻ ഡോ.രാജൻ ആവശ്യപ്പെട്ടു.പുസ്തകം പത്തായത്തിൽ ഒളിപ്പിക്കാൻ ഞാൻ ജ്യേഷ്ഠനോട് ആവശ്യപ്പെട്ടു.
അറസ്റ്റിൽ നിന്ന് ഞാൻ രക്ഷപ്പെട്ടത് എന്റെ പേരിലെ അക്ഷരത്തെറ്റുകൊണ്ടായിരുന്നു. 'Iqbal" എന്നയാളെ കസ്റ്റഡിയിലെടുക്കാനുള്ള അറിയിപ്പാണ് സ്റ്റേഷനിൽ ലഭിച്ചത്.എന്റെ പേര് 'Ekbal" എന്നായിരുന്നത് കൊണ്ട് Iqbal എന്നൊരാൾ സ്ഥലത്തില്ലെന്ന് പോലീസ് റിപ്പോർട്ട് ചെയ്തു. ഈ പഴുത് കണ്ടെത്തി എന്നെ രക്ഷപ്പെടുത്തിയത് പോലീസിൽ നല്ല ബന്ധങ്ങളുണ്ടായിരുന്ന ടി.കെ.രാമകൃഷ്ണന്റെ ഇടപെടൽ കൊണ്ടാണെന്ന് പിന്നീട് മനസിലായി. ഡോ.രാജൻ ആശുപത്രിയിൽ നിന്ന് പോയത് ടി.കെയെ കാണാനായിരുന്നു.
അടിയന്തരാവസ്ഥ പിൻവലിക്കുന്നതിന് തൊട്ടുമുമ്പ്, ടി.കെ എനിക്ക് പാർട്ടി അംഗത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |