കോട്ടയം: ഓൺലൈൻ തട്ടിപ്പിലൂടെ വടവാതൂർ സ്വദേശിയുടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത പ്രതി വിശാഖപട്ടണത്ത് നിന്നും അറസ്റ്റിൽ. ആന്ധ്രപ്രദേശ് ഗാന്ധിനഗർ രമേഷ് വെല്ലംകുളം (33) ആണ് കോട്ടയം സൈബർ പൊലീസിന്റെ പിടിയിലായത്. ഓൺലൈൻ ഷെയർ ട്രേഡിംഗ് ബിസിനസിലൂടെ ലാഭമുണ്ടാക്കിത്തരാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ചെറിയ തുക നിക്ഷേപിപ്പിച്ച ശേഷം,ചെറിയ ലാഭം കൊടുത്ത് വിശ്വാസം ആർജിച്ചു. പല തവണയായി ഒരു കോടി അറുപതിനല് ലക്ഷത്തി ഒരുനൂറ്റി നാല്പത്തി ഒന്ന് രൂപ പല അക്കൗണ്ടുകളിൽ നിന്നായി കൈക്കാലാക്കുകയായിരുന്നു. ഏപ്രിൽ 28 മുതൽ മെയ് 20 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. നുവുമ വെൽത്ത് എന്ന ട്രേഡിംഗ് കമ്പനിയുടെ പേരിലുള്ള വ്യാജ വെബ്‌സൈറ്റ് നിർമ്മിച്ചും ഇതേ കമ്പനിയിലെ തൊഴിലാളികളുടെ പേരുകൾ ഉപയോഗിച്ചുമാണ് വടവാതൂർ സ്വദേശിയിൽ നിന്ന് പണം തട്ടിയത്. നിക്ഷേപിച്ച തുകയ്ക്ക് വലിയ തുക ലാഭമായി ലഭിച്ച തുക പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതറിഞ്ഞത്. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദ്ദേശപ്രകാരം കോട്ടയം സൈബർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ വി.ആർ ജഗദീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വിശാഖപട്ടണത്തു നിന്നും പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |