കോട്ടയം:പണിമുടക്കിന്റെ ട്രയലായി നടത്തിയ സ്വകാര്യ ബസുടമകളുടെ സൂചന സമരം സാധാരണക്കാരെയും വിദ്യാർത്ഥികളെയും ജോലിക്കു പോകുന്നവരെയും സാരമായി ബാധിച്ചു. ജില്ലയിലെ മിക്ക റൂട്ടുകളിലും യാത്രാക്ലേശം അനുഭവപ്പെട്ടു. ബസുകൾ ഇല്ലാത്തതുകൊണ്ട് പലർക്കും ജോലിസ്ഥലത്തും വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിലും എത്താൻ വൈകി.സ്‌കൂളുകളിൽ ഹാജർ നിലയും കുറവായിരുന്നു.
ട്രാൻ.ബസുകളുടെ കുറവ്
തിരിച്ചടിയായി
യാത്രക്കാരുടെ ഏക ആശ്രയം കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമായിരുന്നു. എന്നാൽ, ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ എണ്ണത്തിലെ കുറവ് തിരിച്ചടിയായി. പല ബസുകളും യാത്രക്കാരെ കുത്തിനിറച്ചാണ് സർവീസ് നടത്തിയത്. കഴിഞ്ഞ കുറച്ചു നാളുകളായി കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകൾ വെട്ടിക്കുറിച്ചിരുന്നതാണ് തിരിച്ചടിയായത്. ജില്ലയിൽ ളാക്കാട്ടൂർ, മറ്റക്കര, മണർകാട് അയർക്കുന്നം, കിടങ്ങൂർ എന്നിവിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഇല്ലാത്തത് യാത്രക്കാരെ വലച്ചു. പലരും ഓട്ടോറിക്ഷകളെ ആശ്രയിച്ചായിരുന്നു യാത്ര. ഇരട്ടി ചാർജും കൊടുക്കേണ്ട സ്ഥിതിയായി. അതേസമയം, ജോലിക്ക് പോകാനും മക്കളെ സ്‌കൂളിൽ ആക്കാനും പലരും സ്വന്തം വാഹനവുമായി നിരത്തിൽ ഇറങ്ങിയതോടെ പലയിടത്തും വൻ ഗതാഗതകുരുക്കും അനുഭവപ്പെട്ടു. എം.സി. റോഡിൽ കോട്ടയം കോടിമത മുതൽ തിരുനക്കരെയുള്ള ഭാഗം, കഞ്ഞിക്കുഴി, ബേക്കർ ജംഗ്ഷൻ, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലാണ് കൂടുതൽ തരിക്ക് അനുഭവപ്പെട്ടത്. നാഗമ്പടം ചൂട്ടുവേലി എന്നിവിടങ്ങളിലും വൻ ഗതാഗത കുരുക്കുണ്ടായി.
സ്വകാര്യ ബസുടമകളുമായി കഴിഞ്ഞദിവസം ട്രാൻസ്‌പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കിയത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. പരിഹാരമുണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണു സംഘടനയുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |