കോട്ടയം : മഴയും തുടർച്ചയായ വെള്ളപ്പൊക്കവും കാരണം താളം തെറ്റിയ വിരിപ്പുകൃഷി വൈകാതിരിക്കാൻ വിത, കീടനാശിനി തളിക്കൽ, വളമിടീൽ എന്നിവയ്ക്ക് ഡ്രോണിനെ കളത്തിലിറക്കാൻ കർഷക കൂട്ടായ്മ തീരുമാനം. തൊഴിലാളിയുടെ കുറവ്, അമിത കൂലി എന്നിവയിൽ നട്ടം തിരിയുന്ന കർഷകർക്ക് വലിയൊരാശ്വാസമാകും ഇത്. ചെലവ് കുറവ് മാത്രമല്ല വരിയായി ഞാറ് നടാനും കുറഞ്ഞ അളവിൽ കൃത്യമായി വളവും കീടനാശിനിയും എല്ലായിടത്തുമെത്തിക്കാനും ഡ്രോണിനാകും. കുമരകം, തിരുവാർപ്പ്, ആർപ്പൂക്കര,അയ്മനം, നീണ്ടൂർ, തലയാഴം, കല്ലറ തുടങ്ങി ജില്ലയിലെ പ്രധാന പാടശേഖരങ്ങളിൽ ഡ്രോൺ ഉപയോഗിക്കാനാണ് നീക്കം. കുമരകം കൃഷി വിജ്ഞാന കേന്ദ്രമായിരുന്നു ഡ്രോൺ ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ കുട്ടനാട്ടിൽ ആദ്യമായി വിത നടത്തിയത്. ഇത് വിജയകരമെന്നു കണ്ടതോടെയാണ് കർഷകർക്കു താത്പര്യമായത്. കഴിഞ്ഞ വർഷം ചെങ്ങളം പുതുക്കാട്ട് അൻപതു പാടത്ത് ജില്ലയിൽ ആദ്യമായി ഡ്രോൺ വഴി വിത നടത്തി.
സമയം ലാഭം, വിത്തും
കുട്ടനാട്ടിലെ കൂടുതൽ വിസ്തൃതിയുള്ള പാടശേഖരങ്ങളിൽ കുറഞ്ഞ സമയംകൊണ്ട് ഫലപ്രദമായി വിതയ്ക്കാൻ സഹായിക്കും
ഡ്രോൺ സീഡറിലൂടെ സമയലാഭവും കൃത്യമായ വിത്ത് വിതരണവും കുറഞ്ഞ വിത്തളവും ഉറപ്പാക്കാനാവും
വിതയിൽ വിത്ത് ചവിട്ടി താഴുന്നില്ല എന്നുള്ളതും മണ്ണിലെ പുളിരസം ഇളക്കാതെ വിതയ്ക്കാം എന്നതും ഗുണമാണ്
കൃത്യമായ അകലത്തിൽ വിതയ്ക്കാൻ കഴിയുന്നതിനാൽ നെൽച്ചെടികൾ തിങ്ങിനിറഞ്ഞു വിളവ് കുറയുന്നത് ഒഴിവാക്കാം
50 : കുട്ടനാടൻ പാടശേഖരങ്ങളിൽ ഒരേക്കറിന് 50 കിലോ വിത്താണ് സാധാരണ ആവശ്യമായി വരുന്നത്
30 : ഡ്രോൺ സീഡർ ഉപയോഗിക്കുമ്പോൾ ഏക്കറിന് 30 കിലോ വിത്ത് മതിയാകും.
25 : ഒരേക്കറിൽ വിത്ത് വിതയ്ക്കാൻ 25 മിനിട്ട് മതിയാകും
''
തൊഴിലാളിയെ കാത്തിരിക്കേണ്ട. കൂലി തർക്കവും വാക്കേറ്റവും വേണ്ട. നല്ല വിളവ് ലഭിക്കുമെന്നതിനാൽ കൂടുതൽ ലാഭകരവുമാണ് ഡ്രോൺ വഴിയുള്ള കൃഷി.
സദാനന്ദൻ (നെൽകർഷകൻ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |