കോട്ടയം : ജില്ലയിലെ സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന 25 മുതൽ 31 വരെ നടക്കും. ഏഴ് പേര് അടങ്ങുന്ന ഉദ്യോഗസ്ഥ ഗ്രൂപ്പ് മേൽനോട്ടം വഹിക്കും. ഡി.ഡി, ആർ.ഡി.ഡി,എ.ഡി, ഡി.ഇ.ഒ., എ.ഇ.ഒ ,വിദ്യാകിരണം കോ-ഓർഡിനേറ്റർ, ബി.ആർ.സി ഉദ്യോഗസ്ഥൻ, ഡയറ്റ് പ്രിൻസിപ്പൽ തുടങ്ങിയവരാണ് ഗ്രൂപ്പിലുള്ളത്. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ കണ്ടെത്തിയാൽ കുട്ടികളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റും. സ്‌കൂളുകളിൽ അടിയന്തര ഓഡിറ്റ് നടത്തണമെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശത്തിന്റെ ഭാഗമായി ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ സ്‌കൂളുകളിലേക്ക് 13 ചോദ്യാവലി അടങ്ങിയ കത്ത് നൽകി.
പഴയ കെട്ടിടങ്ങൾ നിരവധി
പല സ്‌കൂളിലും പഴയ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. കാഞ്ഞിരപ്പള്ളി കപ്പാട് ഗവ.ഹൈസ്‌കൂളിലെ ഫിറ്റ്‌നസ് നഷ്ടപ്പെട്ട കെട്ടിടം വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയാണ്. കാഞ്ഞിരപ്പള്ളി പേട്ട ഗവ ഹൈസ്‌കൂളിന്റെയും, ബി.എഡ് കോളേജിന്റെയും വളപ്പിൽ മൂർഖൻ പാമ്പിനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. കാഞ്ഞിരപ്പള്ളിയിലെ തകർന്ന സ്റ്റേഡിയത്തിന്റെ അവശിഷ്ടങ്ങൾ മാറ്റാത്തതിനാൽ സ്‌കൂൾ പരിസരത്തെ സ്റ്റേഡിയ പരിസരം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |