വൈക്കം : മുറിഞ്ഞപുഴയിൽ വേമ്പനാട്ടു കായലിന്റെ കാട്ടിക്കുന്ന് നടുത്തുരുത്ത് ഭാഗത്ത് 23 പേർ സഞ്ചരിച്ച വളളം മറിഞ്ഞുണ്ടായ അപകടത്തിൽ ആദ്യം രക്ഷകനായത് മത്സ്യത്തൊഴിലാളിയായ പെരുമ്പളം സ്വദേശി ശിവൻ. ഉച്ചകഴിഞ്ഞ് രണ്ടോടെ തന്റെ ഉപജീവനമാർഗമായ കക്കായിറച്ചിയുമായി വള്ളത്തിൽ മാർക്കറ്റിൽ കൊടുക്കാൻ പോകുന്ന വഴിയാണ് നിറയെ യാത്രക്കാരുമായി പാണാവള്ളി ഭാഗത്തേക്ക് പോകുന്ന വള്ളം ശക്തമായ കാറ്റിൽ ആടിയുലയുന്നതും പിന്നീട് മറിയുന്നതും കണ്ടത്. ഉടൻ അപകടസ്ഥലത്തേക്ക് വേഗത്തിൽ എത്തിയ ശിവൻ വള്ളത്തിലുണ്ടായിരുന്ന പ്രായമായ സ്ത്രീകൾ ഉൾപ്പടെയുള്ളവർക്ക് ധൈര്യം പകരുകയും 10 ഓളം പേരെ തന്റെ വള്ളത്തിന്റെ ഇരുവശങ്ങളിലും പിടിച്ചു കിടക്കാൻ സഹായിക്കുകയുമായിരുന്നു. മറ്റുള്ളവർ മറിഞ്ഞവള്ളത്തിലും പിടിച്ച് കിടന്നു. തുടർന്ന് കരച്ചിലും ബഹളവും കേട്ട് നാട്ടുകാർ ഓടിയെത്തി മറ്റ് വള്ളങ്ങൾ എത്തിച്ചാണ് ഇരുവള്ളങ്ങളിലും പിടിച്ച് കിടന്നവരെ ശിവന്റെ സഹായത്തോടെ സുരക്ഷിതമായി കരയ്ക്കെത്തിച്ചത്. ചെറുവള്ളത്തിൽ സ്വന്തം സുരക്ഷ പോലും മറന്നാണ് ശിവൻ രക്ഷാകരം നീട്ടിയത്. കാണാതായ യുവാവിനായുള്ള രക്ഷാപ്രവർത്തനത്തിൽ പിന്നീട് ഫയർഫോഴ്‌സിനൊപ്പവും ചെലവഴിക്കേണ്ടി വന്നതോടെ ശിവന്റെ മത്സ്യ വില്പനയും മുടങ്ങി. എങ്കിലും നിരവധി ജീവനുകൾ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് ശിവൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |