കോട്ടയം : മഴ ശക്തിപ്രാപിച്ച് ടാപ്പിംഗ് തടസപ്പെട്ടതോടെ റബർവിലയിൽ ഇടിവ്. കിലോയ്ക്ക് 213 വരെ ഉയർന്ന ഷീറ്റ് വില 195ലേക്ക് (വ്യാപാരി വില) താഴ്ന്നത് കർഷകർക്ക് തിരിച്ചടിയായി. വില കുറഞ്ഞുനിന്നപ്പോൾ ചെലവ് കാശ് കിട്ടില്ലെന്ന കണക്കുകൂട്ടലിൽ റെയിൻ ഗാർഡ് പിടിപ്പിക്കുന്നതിൽ നിന്ന് പലരും വിട്ടു നിന്നിരുന്നു. വൻകിട തോട്ടങ്ങളിലും അപൂർവം ചില ചെറുകിട കർഷകരും മാത്രമാണ് മേയ് ആദ്യം റെയിൻ ഗാർഡ് സ്ഥാപിച്ചത്. മറ്റുള്ളവർ ഇതിനാവശ്യമായ സാമഗ്രികൾ വാങ്ങി വച്ചിരുന്നു. കൂടുതൽ തോട്ടങ്ങളിലും പ്ലാസ്റ്റിക്കാണ് ഒട്ടിക്കുന്നത്. കനത്ത മഴയിൽ പട്ടമരപ്പും, ഇല പൊഴിച്ചിലും കൂടി ആയതോടെ മരത്തിന് ദോഷമാകുമെന്നതിനാൽ ടാപ്പിംഗ് നടക്കുന്നില്ല. മൂന്നു മാസത്തിനിടയിൽ 15 ദിവസം പോലും ടാപ്പിംഗ് നടത്താൻ കഴിഞ്ഞില്ലെന്നാണ് കർഷകർ പറയുന്നത്. റെയിൻ ഗാർഡുകൾക്ക് ചോർച്ചയുണ്ടാകുന്നുവെന്ന പരാതിയും ഉണ്ട്. ഒരു കിലോ ഷീറ്റ് ഉത്പാദിപ്പിക്കാൻ 200 ന് മുകളിൽ ചെലവ് വരും. വളം വില കൂടിയതും തിരിച്ചടിയായി.
ഇരുട്ടടിയായി തീരുവ പ്രഖ്യാപനം
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ അധിക തീരുവ പ്രഖ്യാപനത്തോടെയാണ് റബർ ആഭ്യന്തര വിലയിൽ ഇടിവ് തുടങ്ങിയത്. ചരക്കു നികുതി ഇരട്ടിയാക്കിയത് റബർമേഖലയെ പിടിച്ചുലച്ചു. ടയർ, കൈയുറ, മാറ്റുകൾ, കൺവെയർ ബെൽറ്റുകൾ, വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ 25 ശതമാനം കയറ്റുമതി അമേരിക്കയിലേക്കായിരുന്നു. തീരുവ ഉയർത്തിയതോടെ ഇവയുടെ വിലയും ഉയരും. ഇന്ത്യൻ ഉത്പന്നങ്ങൾ വാങ്ങാൻ ഉപഭോക്താക്കളുടെ താത്പര്യം കുറയും. ഇത് ചെറുകിട ഇടത്തരം സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ട സ്ഥിതിയ്ക്ക് കാരണമാകും. കൂടുതൽ റബർ ഉത്പാദിപ്പിക്കുന്ന ജില്ലയിലെ കർഷകർക്കായിരിക്കും ഏറെ തിരിച്ചടി.
''അധിക ചുങ്കവും വിലയിടിവും മൂലം ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. ഇടപെടേണ്ട റബർബോർഡ് കാഴ്ചക്കാരായി നിൽക്കുകയാണ്.
-തോമസ് ജോൺ (റബർകർഷകൻ)
''40 വർഷമായി റബർ മേഖലയിലുണ്ട്. മുൻകാലങ്ങളിൽ മഴ പെയ്തിരുന്നെങ്കിലും ആഴ്ചയിൽ ഒരിക്കലെങ്കിലും ടാപ്പിംഗ് നടന്നിരുന്നു. ഇത്രയും വർഷങ്ങൾക്കിടയിൽ ഇതാദ്യമായാണ് പ്രതികൂല കാലാവസ്ഥ മൂലം തുടർച്ചയായി ടാപ്പിംഗ് മുടങ്ങിയത്.
മണിക്കുട്ടൻ (കർഷകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |