കോട്ടയം: ഞാലിപ്പൂവൻ ചില്ലറ വില ഇതാദ്യമായി 100 കടന്നപ്പോൾ ഏത്തക്കവില 80ൽ നിന്നു കുത്തനെ താഴ്ന്നു 50ൽ എത്തി.
കനത്ത ചൂടിന് പിറകേ തുടർച്ചയായ മഴയിലും കാറ്റിലും വാഴകൾ ഒടിഞ്ഞു വീണതാണ് ഞാലിപ്പൂവന് വില കയറാൻ കാരണം. എന്നാൽ തമിഴ്നാട്ടിൽ നിന്ന് വലിയ തോതിൽ ഏത്തക്കുലകൾ ഏത്തിയതാണ് ഏത്തക്കുല വിലയിടിച്ചത്.
നന്നായിവെള്ളവും സമയത്ത് വളവും ചെയ്തില്ലെങ്കിൽ ഏത്തവാഴ കുല വലിപ്പം കുറയും. കടുത്തവേനലിലും കാറ്റിലും മഴയിലും നിരവധി വാഴകൾ നിലം പൊത്തിയതോടെ ബാക്കി ഉള്ളവയ്ക്ക് ഓണക്കാലത്ത് ഉയർന്ന വില കർഷകർ പ്രതീക്ഷിച്ചിരുന്നെങ്കിലും വരവ് കുലകൾ വില്ലനായി.
ഒരു ഞാലിപ്പൂവൻ കുലയ്ക്ക് പത്തു മുതൽ പതിനാലു കിലോവരെ തൂക്കംകാണും. കാലാവസ്ഥാ വ്യതിയാനത്തിൽ കേരളത്തിലെ ഞാലിപ്പൂവൻ വാഴകളും നശിച്ചതിനാൽ ഉയർന്ന വില നേട്ടം ലഭിച്ചത് തമിഴ്നാട്ടിലെ കർഷകർക്കാണ്.
തമിഴ്‌നാടൻ ചതി
നേരത്തേ കേരളത്തിൽ ഞാലിപ്പൂവൻ കൃഷി വ്യാപകമായിരുന്നു. തമിഴ്നാട്ടിൽ നിന്ന് ആഴത്തിൽ ചെത്തിയ വാഴക്കന്നുകൾ അത്യുത്പാദന ശേഷി ഉള്ളവയെന്ന ലേബലിൽ ഏജന്റന്മാർ ഇറക്കിയിരുന്നു.ഈ വിത്തുകൾ വ്യാപകമായി ചീഞ്ഞു നശിച്ചതോടെ കൃഷി ചെയ്തവർക്ക് വൻ നഷ്ടമായി. കേരളത്തിലെ ഞാലിപ്പൂവൻ കൃഷി കുറയാൻ തമിഴ്നാട് ലോബിയുടെ ഇടപെടൽ കാരണമായെന്നാണ് വിലയിരുത്തൽ. കാറ്റിലും മഴയിലും നശിച്ചാലും കാര്യമായ നഷ്ടപരിഹാരം ലഭിക്കില്ലാത്തതിനാൽ വാഴകൃഷിയോട് കർഷകർ താത്പര്യം കാട്ടുന്നില്ല.
കണ്ണടച്ച് കൃഷി വകുപ്പ്
അത്യുത്പാദന ശേഷിയുള്ള വാഴവിത്തുകൾ ഉത്പാദിപ്പിക്കാൻ കൃഷി വകുപ്പ് താത്പര്യം കാട്ടുന്നില്ലെന്നാണ് കർഷകരുടെ പരാതി. അതേ സമയം തമിഴ്നാട്ടിൽ നിന്ന് ഗുണനിലവാരം കുറഞ്ഞ വാഴവിത്തുകൾ വ്യാപകമാകുന്നു. ഇതിന് തടയിടാനും കഴിയുന്നില്ല.
ഞാലിപ്പുവൻ വാഴകൃഷി പ്രോത്സാഹിപ്പിക്കാൻ കൃഷിവകുപ്പ് ഒന്നു ചെയ്യുന്നില്ല. ഗുണ നിലവാരമുള്ള വിത്തുകൾ കർഷകർക്ക്ല ഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം .
എബി ഐപ്പ് കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |