
ന്യൂഡൽഹി: യുനെസ്കോയുടെ സാംസ്കാരിക പൈതൃക പ്രതിനിധി പട്ടികയിൽ ദീപാവലിയും. ന്യൂഡൽഹിയിൽ നടക്കുന്ന യുനെസ്കോയുടെ 20-ാമത് അദൃശ്യ സാംസ്കാരിക പൈതൃക സംരക്ഷണ സമിതി സമ്മേളനമാണ് ദീപാവലിയെ തിരഞ്ഞെടുത്തത്. ഇന്ത്യയിൽ നിന്ന് യോഗ,ദുർഗാപൂജ,കുംഭമേള,ലഡാക്കിലെ ബുദ്ധമന്ത്രങ്ങൾ,ചൗ നൃത്തം,രാജസ്ഥാനിലെ കൽബേലിയ നൃത്തം,രാംലീല, കേരളത്തിലെ മുടിയേറ്റ് തുടങ്ങി 15 ഇനങ്ങൾ മുൻപ് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സാമൂഹിക ആചാരങ്ങൾ,ഉത്സവം എന്ന വിഭാഗത്തിലാണ് ദീപാവലി തിരഞ്ഞെടുക്കപ്പെട്ടത്.
ഡിസംബർ 8 മുതൽ 13 വരെ ചെങ്കോട്ടയിൽ നടക്കുന്ന യുനെസ്കോ അദൃശ്യ സാംസ്കാരിക പൈതൃക സമിതി സമ്മേളനത്തിന് ഇന്ത്യ ആദ്യമായാണ് ആതിഥേയത്വം വഹിക്കുന്നത്. ചരിത്രപരവും കലാപരവും സാമൂഹികവുമായ മൂല്യം നിലനിറുത്തുന്ന സാംസ്കാരിക പാരമ്പര്യങ്ങൾ സംരക്ഷിച്ച് ഭാവി തലമുറകൾക്ക് കൈമാറുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇന്ത്യയുടെ ദീപാവലി അടക്കം 79 രാജ്യങ്ങളിൽ നിന്നായി 67 നാമനിർദ്ദേശങ്ങളാണ് വന്നത്. യുനെസ്കോയുടെ ഇന്ത്യയുടെ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ വിശാൽ വി. ശർമ്മയാണ് അദ്ധ്യക്ഷൻ.
ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആളുകൾ ആവേശഭരിതരാണ്. ദീപാവലി നമ്മുടെ സംസ്കാരവുമായും ധാർമ്മികതയുമായും ബന്ധപ്പെട്ടിരിക്കുന്നു. അത് നമ്മുടെ നാഗരികതയുടെ ആത്മാവാണ്. അത് പ്രകാശത്തെയും നീതിയെയും പ്രതിനിധീകരിക്കുന്നു. യുനെസ്കോയുടെ അദൃശ്യ പൈതൃക പട്ടികയിൽ ഉൾപ്പെട്ടത് ദീപാവലിയുടെ ആഗോള ജനപ്രീതി വർദ്ധിപ്പിക്കും.
- നരേന്ദ്രമോദി
പ്രധാനമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |