ആകാശപാതയും കോടിമത പാലവും രാഷ്‌ട്രീയ വിവാദത്തിൽപ്പെട്ട് അ ന്തരീക്ഷത്തിൽ നോക്കുകുത്തിയായി നിൽക്കുന്നതിന് പിന്നാലെ ജില്ലാ ആശുപത്രി കെട്ടിടം മണ്ണെടുപ്പ് വിവാദത്തിൽ കുടുങ്ങി ഉയരാതിരിക്കുമോയെന്ന സംശയത്തിലാണ് ചുറ്റുവട്ടമിപ്പോൾ.
കിഫ്ബി ഫണ്ട് നൽകിയിട്ടും മണ്ണെടുപ്പിന്റെ പേരിൽ ആശുപത്രി വികസനം തിരുവഞ്ചൂർ രാധാകൃഷ്ണൻ അട്ടിമറിച്ചെന്ന് സി.പി.എം നേതാക്കൾ ആരോപിക്കുമ്പോൾ കോട്ടയം മണ്ഡലത്തിലേക്ക് അനുവദിച്ച മണ്ണ് നീക്കം ചെയ്തെന്നും മന്ത്രി വാസവന്റെ ഏറ്റുമാനൂർ മണ്ഡലത്തിലേക്ക് അനുവദിച്ച മണ്ണാണ് നീക്കം ചെയ്യാതെ കിടക്കുന്നതെന്നും തിരുവഞ്ചൂർ തിരിച്ചടിച്ചു. ഇത് പച്ചക്കള്ളമാണെന്ന് സി.പി.എം നേതാക്കൾ മറുപടിയും നൽകിയതോടെ ആരു പറയുന്നതാണ് സത്യമെന്ന് അറിയാതെ കണ്ണും മിഴിച്ച് നിൽക്കുകയാണ് നാട്ടുകാർ.
പത്തു നിലയിൽ നിർമിക്കുന്ന ജില്ലാ ആശുപത്രി ബഹുനില മന്ദിരവും ആകാശപാത പോലെ വിവാദരാഷ്ടീയത്തിൽ കുടുങ്ങി അടുത്ത കാലത്തൊന്നും ഉയരില്ലെന്ന് ഏതാണ്ട് ഉറപ്പായി. ആശുപത്രി കെട്ടിട നിർമ്മാണം മണ്ണ് നീക്കം ചെയ്യാത്തതിന്റെ പേരിൽ നീളുമ്പോൾ 100 കോടിയോളം രൂപയുടെ അധിക ബാദ്ധ്യത വരുമെന്നാണ് കണക്കാക്കുന്നത്. നാട്ടുകാർ നൽകുന്ന നികുതി പണമാണ് ഇങ്ങനെ അധികമായി ചെലവഴിക്കേണ്ടി വരികയെന്ന് വിവാദമുണ്ടാക്കുന്ന രാഷ്ടീയക്കാർ ഓർക്കുന്നില്ല.
വികസനത്തിൽ ആരും രാഷ്ടീയം കലർത്തരുതെന്ന നിലപാടാണ്ചു റ്റുവട്ടത്തിന് എന്നുമുള്ളത്. ആകാശ പാത നഗരത്തിന് നാണക്കേടായി ഇരുമ്പ് ക മ്പികളിൽ തീർത്ത എട്ടുകാലി വലപോലെ നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഒന്നുകിൽ പൊളിച്ചു കളയണം അല്ലെങ്കിൽ പണി പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ട് മാസങ്ങളായെങ്കിലും ഒരു നടപടിയുമില്ല. കമ്പികൾ തുരുമ്പിച്ച് താഴെക്ക് പതിച്ച് ദുരന്തമുണ്ടായാൽ മാത്രം അനന്തര നടപടി പ്രതീക്ഷിച്ചാൽ മതി. കോടിമത രണ്ടാം പാലത്തിന്റെ നിർമ്മാണം വർഷങ്ങൾക്കു ശേഷം പുനരാരംഭിച്ചെങ്കിലും ഒച്ചിഴയും വേഗത്തിലാണ് പണി. സാധാരണ ജനങ്ങൾക്ക് പ്രയോജനകരമായ ജില്ലാ ആശുപത്രി ബഹുനില മന്ദിരം രാഷ്ടീയത്തിനതീതമായി പൂർത്തിയാക്കാൻ അടിയന്തിര നടപടി ഉണ്ടാകണം. മണ്ണ് നീക്കം ചെയ്യുന്നതിലെ തർക്കം നിർമാണത്തിന് തടസമാകരുത്.
മണ്ണ് കിട്ടാതെ പല നിർമാണ പ്രവർത്തനങ്ങളും തടസപ്പെടുമ്പോഴാണ് ഇവിടെ കുന്നു കൂടി കിടക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിനെചൊല്ലിയുള്ള തർക്കം. കരാറുകാരന്റെ കാലാവധി തീർന്നു. ഇനി പുതിയ കരാർ വേണം. അതിനു അധിക ചെലവ് വരും. പണി നീളുന്നതനുസരിച്ചു വരുന്ന അധിക ബാദ്ധ്യത വിവാദവും കുത്തിത്തിരിപ്പും ഉണ്ടാക്കുന്നവരിൽ നിന്ന് ഈടാക്കാൻ നടപടി വേണമെന്നാണ് ചുറ്റുവട്ടത്തിന് നിർദ്ദേശിക്കാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |