കോട്ടയം : മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി മണ്ഡലം ഉൾപ്പെടുന്ന ഡിവിഷൻ. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവന്റെ ഡിവിഷനും. അതുകൊണ്ട് തന്നെ ഇരുമുന്നണികൾക്കും പാമ്പാടിയോട് പ്രിയം കൂടുതലാണ്.
ഇക്കുറി പാമ്പാടി വിട്ടുകൊടുക്കാൻ ഒരു മുന്നണിയും തയ്യാറല്ല. അതിനായി രംഗത്തിറക്കിയിരിക്കുന്നതാകട്ടെ കരുത്തരെ തന്നെ. വികസനവും വിവാദങ്ങളും ഏറെയുണ്ടെങ്കിലും കർഷക രാഷ്ട്രീയം തന്നെയാകും പ്രധാനമായും വിധി നിർണയിക്കുക. പ്രാദേശിക രാഷ്ട്രീയ വിഷയങ്ങളും ചർച്ചയാകും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടതു തരംഗം ആഞ്ഞുവീശിയപ്പോഴും യു.ഡി.എഫ് കോട്ടയായ് പാമ്പാടി ഉറച്ചുനിന്നു. ഇത് നിലനിറുത്താൻ പി.എസ്. ഉഷാ കുമാരിയെ യു.ഡി.എഫ് രംഗത്തിറക്കിയപ്പോൾ, ഡാലി റോയിയിലൂടെ പിടിച്ചെടുക്കാനാണ് എൽ.ഡിഎഫ്. ഇരുവർക്കു മിടയിൽ സ്വാധീനമുറപ്പിക്കാൻ എൻ.ഡി.എ മഞ്ജു പ്രദീപിനെയാണ് മത്സരത്തിനിറക്കിയിട്ടുള്ളത്.
പാമ്പാടി, കൂരോപ്പട പഞ്ചായത്തുകൾ പൂർണമായും മീനടം, പള്ളിക്കത്തോട് പഞ്ചായത്തുകൾ ഭാഗികമായും ഉൾപ്പെടുന്ന ഡിവിഷനാണ് പാമ്പാടി. കഴിഞ്ഞ തവണ പാമ്പാടിയിലും കൂരോപ്പടയിലും എൽ.ഡി.എഫും പള്ളിക്കത്തോട്ടിൽ എൻ.ഡി.എയും വിജയിച്ചപ്പോൾ മീനടത്ത് മാത്രമായിരുന്നു യു.ഡി.എഫ്. വിജയം. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലും എൽ.ഡി.എഫിനായിരുന്നു വിജയം. ഭൂരിപക്ഷം കുറഞ്ഞെങ്കിലും യു.ഡി.എഫിലെ രാധാ വി. നായരാണ് ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചത്. ചാണ്ടി ഉമ്മൻ എം.എൽ.എ ഉൾപ്പെടെയുള്ള നേതാക്കൾ ഉഷാകുമാരിക്കായി വീടുകയറി വോട്ട് തേടുന്നത് യു.ഡി.എഫ്. ആത്മവിശ്വാസം വർധിദ്ധിപ്പിക്കുന്നു. പാമ്പാടി പഞ്ചായത്ത് പ്രസിഡന്റായുള്ള പ്രവർത്തന മികവിന്റെ നേട്ടത്തിലാണ് ഡാലി റോയിയെ മുൻനിറുത്തി എൽ.ഡി.എഫ് പോരാട്ടം കടുപ്പിക്കുന്നത്. സി.പി.എമ്മിന്റെ സംഘടനാ സംവിധാനം കരുത്താകുമെന്നും കണക്കുകൂട്ടുന്നു. വോട്ട് വിഹിതത്തിലെ വർദ്ധനയാണ് മഞ്ജു പ്രദീപിലൂടെ ബി.ജെ.പി. ലക്ഷ്യമിടുന്നത്. പള്ളിക്കത്തോട്, കൂരോപ്പട പഞ്ചായത്തുകളിൽ ശക്തമായ വോട്ട് ബാങ്ക് ബി.ജെ.പിയ്ക്കുണ്ട്.
പി.എസ്.ഉഷാകുമാരി (യു.ഡി.എഫ്)
2010 മുതൽ പഞ്ചായത്തംഗമായിരുന്ന ഉഷാകുമാരിയുടെ പൊതുപ്രവർത്തന പരിചയമാണ് യു.ഡി.എഫിന്റെ കരുത്ത്. 2015 ൽ സ്ഥിരംസമിതി അദ്ധ്യക്ഷ. അഞ്ച് വർഷം ഡൽഹിയിൽ സ്റ്റെനോഗ്രാഫറായി പ്രവർത്തിച്ചിരുന്നു. നിലവിൽ കോൺഗ്രസ് പുതുപ്പള്ളി ബ്ലോക്ക് ജനറൽസെക്രട്ടറിയാണ്. മഹിള കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റായിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് കന്നി മത്സരം.
ഡാലി റോയി (എൽ.ഡി.എഫ്)
പഞ്ചായത്ത് പ്രസിഡന്റായതിന് ശേഷമുള്ള വ്യക്തി, സാമൂഹിക ബന്ധങ്ങൾ കരുത്താക്കുകയാണ് ഡാലി റോയി.. വെള്ളൂർ സർവീസ് സഹകരണ ബാങ്ക് ബോർഡ് മെംബർ, ജനാധിപത്യ മഹിള അസോസിയേഷൻ മേഖല പ്രസിഡന്റ്, ഏരിയ കമ്മിറ്റിയംഗം എന്നി നിലകളിൽ പ്രവർത്തിക്കുന്നു.
മഞ്ജു പ്രദീപ് (എൻ.ഡി.എ)
ജില്ലാ പഞ്ചായത്തിലേക്ക് രണ്ടാം തവണ മത്സരിക്കുന്ന മഞ്ജു പ്രദീപ് 15 വർഷമായി ബി.ജെ.പി പുതുപ്പള്ളി നിയോജകമണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. നിലവിൽ കോട്ടയം ഈസ്റ്റ് മഹിള മോർച്ച ജില്ല പ്രസിഡന്റും കോട്ടയം വിൻവേൾഡ് സിവിൽ സർവീസ് അക്കാഡമി മാനേജറുമാണ്. മറ്റക്കര വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ, ഭവൻസ് വിദ്യാമന്ദിർ പാറമ്പുഴ വൈസ് പ്രിൻസിപ്പൽ എന്നീ നിലകളിലും പ്രവർത്തിച്ചു.
നിർണായകം
തുടർച്ചയായി യു.ഡി.എഫിനെ ജയിപ്പിച്ച ഡിവിഷൻ
എൽ.ഡി.എഫിന് സ്വാധീനമുള്ള പഞ്ചായത്തുകൾ
ചില കേന്ദ്രങ്ങളിൽ കേരള കോൺഗ്രസ് ശക്തം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |