
കോട്ടയം : കൗമാരകലയുടെ രണ്ടാം ദിനം പിന്നിടുമ്പോൾ ഉപജില്ലാ തലത്തിൽ കോട്ടയം ഈസ്റ്റ് 497 പോയിന്റുമായി കുതിപ്പ് തുടരുന്നു. ഏറ്റുമാനൂരിനെ പിന്തള്ളി 439 പോയിന്റുമായി ചങ്ങനാശേരി തൊട്ടുപിന്നാലെയുണ്ട്. ഏറ്റുമാനൂർ 421 പോയിന്റുമായി മൂന്നാം സ്ഥാനത്തും 411 പോയിന്റുമായി കോട്ടയം വെസ്റ്റും 402 പോയിന്റുമായി കാഞ്ഞിരപ്പള്ളിയും പിന്നാലെയുണ്ട്. സ്‌കൂൾ തലത്തിൽ 168 പോയിന്റുമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്.എസാണ് ഒന്നാമത്. 130 പോയിന്റുമായി ഓക്കാട്ടൂർ എം.ജി.എം.എൻ.എസ് എസ്.എച്ച്.എസ്.എസും, 114 പോയിന്റുമായി കിടങ്ങൂർ എൻ.എസ്.എസ് എച്ച്.എസ്.എ സും തൊട്ടുപിന്നാലെയുണ്ട്.
വീണിട്ടും വീഴാതെ ആരാധ്യ
പരിശീലനത്തിനിടെ, വീണ് കൈക്കുഴയ്ക്ക് പരിക്കേറ്റിട്ടും എച്ച്.എസ് വിഭാഗം നാടോടി നൃത്ത മത്സരത്തിൽ ഒന്നാമതെത്തി ആരാധ്യ എസ്.കുമാർ. അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയാണ്. കൂട്ടുകാരി കൃഷ്ണപ്രിയയുടെ അമ്മ ചിത്ര ശ്യാമാണ് പരിശീലക. കഴിഞ്ഞ ദിവസം പരിശീലനത്തിനിടയിലാണ് പരിക്കേറ്റത്. കൈയ്യിൽ ബാന്റേജിട്ട് പൂർണ വിശ്രമം വേണമെന്ന് ഡോക്ടർ നിർദേശിച്ചെങ്കിലും മത്സരത്തിൽ നിന്ന് പിന്മാറാൻ ആരാധ്യ തയ്യാറായില്ല.
കൂടിയാട്ടത്തിൽ കോട്ട കെട്ടി
തുടർച്ചയായി 13ാ മത് തവണയും കൂടിയാട്ടത്തിൽ ഒന്നാമതെത്തി വാഴപ്പള്ളി സെന്റ് തെരേസാസ് എച്ച്.എസ്.എസ്. പയ്യംകുളം നാരായണ ചാക്യാരുടെ ശിക്ഷണത്തിലായിരുന്നു നേട്ടം. സംസ്ഥാന കലോത്സവത്തിലും ആധിപത്യം കൈവിട്ടിട്ടില്ല. ജഡായുവധമാണ് ഇത്തവണ അവതരിപ്പിച്ചത്. അദ്ധ്യാപികയായ ജൂലി ജോസഫാണ് നേതൃത്വം നൽകിയത്.
വിജയക്കുതിപ്പിന് തടയിട്ട്
ബാൻഡ്‌മേളത്തിൽ കാൽനൂറ്റാണ്ട് പിന്നിട്ട മൗണ്ട്കാർമൽ ജി.എച്ച്.എസിന്റെ വിജയക്കുതിപ്പിന് തടയിട്ട് ചങ്ങനാശേരി സെന്റ് ജോസഫ് ഗേൾസ് എച്ച്.എസ്.എസ്. ഹൈസ്‌കൂൾ വിഭാഗത്തിലാണ് നേട്ടം. എ.ഡി.സേവ്യർ, ഇ.ഡി.തമ്പി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. ഹയർ സെക്കൻഡറി വിഭാഗം ബാൻഡ്‌മേളത്തിൽ മൗണ്ട് കാർമൽ കിരീടം നിലനിറുത്തി.
പാട്ടിന്റെ വഴിയേ കൃഷ്ണപ്രിയ
അമ്മയുടെ സംഗീത സ്‌നേഹത്തിന്റെ തുടർച്ച, ചേട്ടൻ പാടുന്നതു കേട്ടു തുടങ്ങിയ പരിശീലനം, കൃഷ്ണപ്രിയ പി.നായർക്കു തുടർച്ചയായ രണ്ടാം വർഷവും കഥകളി സംഗീതത്തിൽ ഒന്നാം സ്ഥാനം. കോട്ടയം മൗണ്ട് കാർമൽ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ കൃഷ്ണപ്രിയ. ചേട്ടൻ കൃഷ്ണജിത് വീട്ടിൽ കഥകളി സംഗീതം പാടുന്നത് കേട്ടാണ് പഠിച്ചു തുടങ്ങിയത്. അമ്മ രമ്യ തിരുവാതിരകളിയിലെ പാട്ടുകാരിയായിരുന്നു. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനം നേടിയ കൃഷ്ണപ്രിയ ഇത്തവണ സംഘനൃത്തത്തിലും മത്സരിക്കുന്നുണ്ട്. കലാനിലയം രാജീവനാണ് ഗുരു. കൃഷ്ണപ്രിയ.
പളിയ നൃത്തത്തിൽ പാളാതെ
പളിയനൃത്തത്തിൽ ഒന്നാമതെത്തി കിടങ്ങൂർ എൻ.എസ്.എസ് ഹൈസ്‌കൂൾ. അവതരണത്തിന്റെ വ്യത്യസ്തതയിലൂടെ ഓരോ സംഘവും വേദിയിൽ മാറ്റുരച്ചപ്പോൾ അവതരണ മികവിലൂടെയാണ് കിടങ്ങൂർ ഒന്നാമതെത്തിയത്. തേക്കടിയിലെ ഫോറസ്റ്റ് ഗൈഡായ എസ്.സുജിത്ത്കുമാറായിരുന്നു പരിശീലകൻ. ഒരു മാസത്തെ തുടർച്ചയായ പരിശീലനത്തിലൂടെയാണ് ടീമിനെ വിജയത്തിലെത്തിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു. ആദ്യമായാണ് പളിയനൃത്തത്തിൽ സ്‌കൂൾ ഒന്നാം സ്ഥാനം നേടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |