
കോട്ടയം: അതിരാവിലെ കണികണ്ടുണരുന്നവർ, പത്ര ഏജന്റുമാർ! അവർ പത്രം വിതരണം ചെയ്യുന്നതിനൊപ്പം വോട്ട് കൂടി തേടി വീടുകളിലെത്തുകയാണ്. കേരളകൗമുദി ഏജന്റുമാരായ സ്ഥാനാർത്ഥികൾ. ദിനവും കാണുന്ന മുഖത്തെ വോട്ടർമാർ മറക്കില്ലെന്നതാണ് ആത്മവിശ്വാസം. നാടിന്റെ ദൈനിദിന പ്രശ്നങ്ങൾക്ക് വാർത്തകളിലൂടെ പരിഹാരമേകുന്ന തങ്ങൾക്ക് ജനപ്രതിനിധിയായാൽ നേരിട്ട് പരിഹാരം കാണാൻ കഴിയുമെന്നാണ് ഇവർ പറയുന്നത്.
കെ.കെ.രവീന്ദ്രൻ
എലിക്കുളം പഞ്ചായത്ത് 14-ാം വാർഡ് ഇടതു സ്വതന്ത്രനായ കെ.കെ.രവീന്ദ്രൻ (66) കേരളകൗമുദിയുടെ കൂരാലി ഏജന്റാണ്. കന്നിമത്സരം. എസ്.എൻ.ഡി.പി യോഗം ഇളംങ്കം ശാഖാ പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകപോന സമിതി കൂരാലി യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
വി.കെ.ശ്രീകുമാർ
ടി.വി.പുരം പഞ്ചായത്ത് ഏഴാം വാർഡിലെ സി.പി.എം സ്ഥാനാർത്ഥിയായ വി.കെ.ശ്രീകുമാർ (51) മുൻപും മത്സരിച്ചു ജയിച്ചിട്ടുണ്ട്. ടി.വി.പുരം പഞ്ചായത്ത് വൈസ് പ്രസിഡന്റാണിപ്പോൾ. ടി.വി.പുരം നോർത്ത് ഏജന്റാണ്.
സി.വി.അനിൽകുമാർ
മുണ്ടക്കയം പഞ്ചായത്ത് 23-ാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സി.വി.അനിൽകുമാർ (58) കേരളകൗമുദി മുണ്ടക്കയം സ്റ്റാൻഡ് ഏജന്റാണ്. പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാനും വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി ഏരിയ പ്രസിഡന്റും മുണ്ടക്കയം കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റുമാണ്.
ടി.ഡി.സാജൻ
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ 12-ാം വാർഡ് എൻ.ഡി.എ സ്ഥാനാർത്ഥി ടി.ഡി.സാജൻ (43) ആദ്യമായാണ് മത്സര രംഗത്ത്. കേരളകൗമുദി പൂഞ്ഞാർ ഏജന്റാണ് സാജൻ.
ബിജു ജോസഫ്
തിടനാട് പഞ്ചായത്ത് 10-ാം വാർഡിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയാണ് ബിജു ജോസഫ്. ചെമ്മലമറ്റം ഏജന്റായ ബിജു ആം ആദ്മി പാർട്ടി മണ്ഡലം കമ്മിറ്റിയംഗമാണ്.
പി.സി.മനോജ്
ആർപ്പൂക്കര പഞ്ചായത്തിലെ രണ്ടാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് പി.സി.മനോജ് കരിപ്പൂത്തട്ട് ഏജന്റാണ്. പ്രളയകാലത്ത് മണിയാപറമ്പിൽ രക്ഷാ പ്രവർത്തനത്തിന് മുൻപന്തിയിലുണ്ടായിരുന്നു. കോൺഗ്രസ് ആർപ്പൂക്കര മണ്ഡലം സെക്രട്ടറിയും അസംഘടിത തൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാണ്. ഭാര്യ അഞ്ജു മനോജ് പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയാണ്.
എം.വിശ്വനാഥ പിള്ള (ഉണ്ണിപ്പിള്ള)
നീലംപേരൂർ പഞ്ചായത്ത് 4-ാം ഈര വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് എം.വിശ്വനാഥ പിള്ള. ഈര ഏജന്റായ അദ്ദേഹത്തിന്റേത് കന്നി മത്സരമാണ്.
പി.പ്രസാദ്
പാലാ നഗരസഭ 12-ാം വാർഡ് എൽ.ഡി.എഫ് സ്വതന്ത്രൻ.കേരളകൗമുദി ചെത്തിമറ്റം ഏജന്റ്. 2015-20 കാലത്ത് ഇതേ വാർഡിൽ നിന്ന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മത്സരം.
കെ.ആർ.വിനോദ്
തലനാട് പഞ്ചായത്തിൽ മൂന്നാം വാർഡിലെ യു.ഡി.എഫ് സ്വന്ത്രൻ. തലനാട് ഏജന്റായ വിനോദ് മുൻപും അതേ വാർഡിൽ നിന്ന് ജയിച്ചിട്ടുണ്ട്. കോൺഗ്രസ് മണ്ഡലം സെക്രട്ടറിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |