
കോട്ടയം : ജില്ലാ പഞ്ചായത്തിൽ പുതുതായി രൂപീകരിച്ച തലനാട് ഡിവിഷൻ പിടിക്കുകയാണ് മുന്നണികളുടെ ഒരേ ലക്ഷ്യം. കർഷകർ തിങ്ങിപ്പാർക്കുന്നയിടം. ഭൗമസൂചിക പദവി ലഭിച്ച തലനാട് ഗ്രാമ്പൂവിന്റെ മണ്ണ്. പഴയ മുണ്ടക്കയം, പൂഞ്ഞാർ ഡിവിഷനുകളിൽ നിന്നുള്ള സ്ഥലങ്ങൾ ഉൾക്കൊള്ളിച്ചാണ് പുതിയ ഡിവിഷൻ രൂപീകരിച്ചത്. തലനാട്, മേലുകാവ്, തീക്കോയി, മൂന്നിലവ് പഞ്ചായത്തുകളും ഈരാറ്റുപേട്ട ബ്ലോക്കിലെ പൂഞ്ഞാർ കല്ലേക്കുളം, പാതമ്പുഴ ഡിവിഷനുകളും കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ ചോറ്റി ഡിവിഷനും ഉൾപ്പെടുന്നതാണ് ഡിവിഷൻ. തലനാട് പഞ്ചായത്തിൽ എൽ.ഡി.എഫും മേലുകാവ്, തീക്കോയി, മൂന്നിലവ് പഞ്ചായത്തുകളിൽ യു.ഡി.എഫുമാണ് ഭരിക്കുന്നത്. പുതിയ ഡിവിഷനിൽ യു.ഡി.എഫും എൽ.ഡി.എഫും, എൻ.ഡി.എയും വാശിയേറിയ പോരാട്ടത്തിലാണ്. മൂന്നിലവ് പഞ്ചായത്ത് മുൻപ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ യു.ഡി.എഫിനായും, തീക്കോയി പഞ്ചായത്ത് ആദ്യ വനിത പ്രസിഡന്റ് അമ്മിണി തോമസ് എൽ.ഡി.എഫിനായും മത്സരിക്കുന്നു. സംഘടനരംഗത്തെ അനുഭവ പരിചയവുമായാണ് എൻ.ഡി.എ സ്ഥാനാർഥി പി.വി. ലാലി മത്സരത്തിനിറങ്ങുന്നത്.
ബിന്ദു സെബാസ്റ്റ്യൻ (യു.ഡി.എഫ്)
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്, മൂന്നിലവ് പഞ്ചായത്ത് മുൻ പ്രസിഡന്റ്, മൂന്നിലവ് സർവിസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം. നിലവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗവും.
അമ്മിണി തോമസ് (എൽ.ഡി.എഫ്)
നിലവിൽ തീക്കോയി പഞ്ചായത്ത് അംഗം. 20 വർഷമായി തീക്കോയി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം. ജില്ലാ പഞ്ചായത്ത് മുൻ പൂഞ്ഞാർ ഡിവിഷൻ അംഗമായിരുന്നു. 1995 ൽ തീക്കോയി പഞ്ചായത്തിന്റെ പ്രഥമ വനിത പ്രസിഡന്റായി. 2015 ലും പഞ്ചായത്ത് പ്രസിഡന്റായി. കേരള വനിത കോൺഗ്രസ് എം സംസ്ഥാന വൈസ് പ്രസിഡന്റാണ്.
പി.വി. ലാലി (എൻ.ഡി.എ)
ബി.ജെ.പി പൂഞ്ഞാർ മണ്ഡലം വൈസ് പ്രസിഡന്റും ബി.ജെ.പി തീക്കോയി പഞ്ചായത്ത് പ്രസിഡന്റുമാണ്. ഈരാറ്റു പേട്ട മുസ്ലിം ഗേൾഡ് ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ പ്രസിഡന്റാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |