
കോട്ടയം : നിയമങ്ങളെ നോക്കുകുത്തിയാക്കി ജില്ലയിൽ മണ്ണ് മാഫിയ ഭൂമിയിടിച്ച് നിരത്തൽ തുടരുന്നു. റബർ വിലയിടിവിന്റെയും, കെട്ടിട നിർമ്മാണത്തിന്റെയും മറവിലാണ് മണ്ണെടുപ്പ്. കടുത്തുരുത്തി, ഞീഴൂർ, മാഞ്ഞൂർ, കുറവിലങ്ങാട്, പാമ്പാടി, കറുകച്ചാൽ, അയർക്കുന്നം, നെടുംകുന്നം, വടവാതൂർ, മുളക്കുളം, കുറുപ്പന്തറ, പെരുവ എന്നിവിടങ്ങളിലാണ് അനധികൃത മണ്ണെടുപ്പും ചെങ്കല്ല് വെട്ടും വ്യാപകം. വലിയ ലോറിയിൽ ഒരു ലോഡ് മണ്ണെത്തിക്കാൻ 12000 രൂപ വരെയാണ് ഈടാക്കുന്നത്. ചെറിയ ലോറികൾക്ക് 3000 രൂപ വരെയും. റബർ മരങ്ങൾ മുറിച്ചാണ് ഏക്കറുകളുള്ള കുന്നുകൾ ഇടിക്കുന്നത്. മലയോരത്തെ മണ്ണിട്ട് ജില്ലയുടെ പടിഞ്ഞാറൻ മേഖലകളായ തിരുവാർപ്പ്, കുമരകം, ചെങ്ങളം തുടങ്ങിയ ഭാഗങ്ങളിലെ പാടശേഖരങ്ങൾ നികത്തുകയാണ്. കുറഞ്ഞ വിലയ്ക്ക് തണ്ണീർത്തടങ്ങളും റബർ തോട്ടങ്ങളും വാങ്ങിയ ശേഷമാണ് മണ്ണിടിക്കലും നികത്തലും. തുടർന്ന് പ്ലോട്ടുകളാക്കി വിൽക്കും. വന്യജീവി ശല്യം വർദ്ധിച്ചതോടെ മലയോര പ്രദേശങ്ങളിൽ കൃഷിയിടങ്ങൾ വെറുതെ കിടക്കുകയാണ്.
നിബന്ധനകൾ കാറ്റിൽപ്പറത്തി
പഞ്ചായത്തിൽ നിന്ന് ബിൽഡിംഗ് പെർമിറ്റ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ നിന്നുള്ള അനുമതി എന്നിവയുടെ മറവിൽ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മണ്ണ് മാഫിയയുടെ തേരോട്ടം. പഞ്ചായത്തിൽ കെട്ടിട നിർമ്മാണത്തിനും മണ്ണെടുക്കാനും വില്ലേജ് ഓഫീസ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് എന്നിവിടങ്ങളിലും അപേക്ഷ നല്കണം. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അനുമതി നൽകും. ഒരു ലോഡിന് നിശ്ചിത തുക റോയൽറ്റിയായി സർക്കാരിനടയ്ക്കണം. എന്നാൽ ഈ നിബന്ധനകളെല്ലാം കാറ്റിൽപ്പറത്തുകയാണ്.
കട്ടക്കളത്തിന്റെ മറവിലും
നെടുംകുന്നത്ത് കട്ടക്കളത്തിന്റെ മറവിലാണ് മണ്ണ് ഖനനം. ഇതിന് സമീപത്തെ പാറ പൊട്ടിച്ചും കുന്ന് ഇടിച്ച് നിരത്തിയുമാണ് ഖനനം. മണ്ണ് കയറ്റിപോകുന്ന വാഹനങ്ങൾ പ്രദേശവാസികൾ തടഞ്ഞ് കറുകച്ചാൽ പൊലീസിനെ അറിയിച്ചു. നിയമപരമായ രേഖകളും അനുമതിയും ഇല്ലാതെയാണ് ഇവിടെ നിന്ന് മണ്ണും മറ്റ് വസ്തുക്കളും കടത്തുന്നത്.
''ജിയോളജി അധികൃതർ സ്ഥലം പരിശോധിച്ച് നിശ്ചയിക്കുന്ന റോയൽറ്റി അടച്ചു കഴിഞ്ഞാൽ, പരിശോധനകളില്ല. ഇത് അവസരമാക്കി ചട്ടങ്ങൾ പാലിക്കാതെ മണ്ണെടുപ്പും കുന്നിടിക്കലും. ജില്ലയിൽ ക്രഷറർ യൂണിറ്റുകളും പ്രവർത്തിക്കുന്നില്ല.
(ജോ ജോസഫ്, നെടുംകുന്നം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |