കോട്ടയം: മുന്നണി മര്യാദ പാലിച്ചുള്ള പഞ്ചായത്തുകളിലെ ഭരണ മാറ്റം സബന്ധിച്ച് കോട്ടയത്തെ സി.പി.ഐയും കേരള കോൺഗ്രസ് എമ്മും പരസ്യ പോരിൽ. ജില്ലയിൽ സി.പി.എം കഴിഞ്ഞാൽ മുന്നണിയിലെ രണ്ടാമനെച്ചൊല്ലിയുള്ള തർക്കമാണ് പുതിയ തലത്തിലെത്തിയത്. ഇതോടെ പ്രശ്നം എൽ.ഡി.എഫ് നേതൃത്വത്തിനും തലവേദനയായി. തദേശ സ്ഥാപനങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവ സംബന്ധിച്ചാണ് തർക്കം.
മുന്നണി മര്യാദ പാലിക്കാൻ കേരള കോൺഗ്രസ് എം തയ്യാറാവണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ വി.ബി. ബിനു. കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിനുവിന്റെ പരസ്യ പ്രസ്താവന ആവശ്യമില്ലാത്തതാണെന്നായിരുന്നു കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യുവിന്റെ പ്രതികരണം. കോട്ടയത്ത് എൽ.ഡി.എഫിന് ഇത്രയധികം സീറ്റ് ലഭിച്ചത് കേരളാകോൺഗ്രസ് മുന്നണിയിൽ വന്ന ശേഷമാണെന്ന കാര്യം സി.പി.ഐ മറക്കരുതെന്നും ലോപ്പസ് പറഞ്ഞു.
ഒഴിയേണ്ടത് ഡിസംബർ 30ന്
മുന്നണി ധാരണയനുസരിച്ച് 2022 ഡിസംബർ 30ന് ആദ്യ ടേം പൂർത്തിയാക്കിയ എൽ.ഡി.എഫ് അംഗങ്ങൾ സ്ഥാനമൊഴിയണം. ഇതേത്തുടർന്ന് സി.പി.ഐ, സി.പി.എം ജനപ്രതിനിധികൾ രാജിവച്ചിരുന്നു. എന്നാൽ കേരള കോൺഗ്രസ് അംഗങ്ങൾ രാജിവച്ചില്ല. ഇടതു ജില്ലാ നേതൃത്വം രണ്ട് തവണ ആവശ്യപ്പെട്ടിട്ടും കാഞ്ഞിരപ്പള്ളി, പാറത്തോട് പഞ്ചായത്തിൽ ധാരണയുണ്ടായില്ല
'എൽഡി.എഫിലെ മറ്റ് രാഷ്ട്രീയപാർട്ടികൾ കാട്ടിയ മുന്നണി മര്യാദ കേരളകോൺഗ്രസും പാലിക്കണം. കാഞ്ഞിരപ്പള്ളി, പാറത്തോട് പഞ്ചായത്തിന്റെ കാര്യത്തിൽ ധാരണ പാലിക്കാൻ കേരള കോൺഗ്രസ് തയ്യാറായിട്ടില്ല. ഡിസംബർ 30ന് ആദ്യ ടേം പൂർത്തിയാക്കിയ അംഗങ്ങൾ സ്ഥാനമൊഴിയണം".
- അഡ്വ. വി.ബി. ബിനു, സി.പി.ഐ ജില്ലാ സെക്രട്ടറി
'ഇടതു മുന്നണിയിലെ എന്ത് കരാറും പാലിക്കും. ഇത് സംബന്ധിച്ച് ഘടക കക്ഷികളുടെ മിനിറ്റ്സ് പരിശോധിക്കുകയാണ്. സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ പരസ്യ പ്രസ്താവന ആവശ്യമില്ലാത്തതായിരുന്നു"
- ലോപ്പസ് മാത്യു, കേരളാകോൺഗ്രസ് എം ജില്ലാ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |