കോട്ടയം . രാത്രികാലങ്ങളിലും പുലർച്ചെയും വൺവേ തെറ്റിച്ച് പായുന്ന വാഹനങ്ങൾ ഉണ്ടാക്കി വയ്ക്കുന്നത് നിരന്തര അപകടങ്ങൾ. എന്നിട്ടും അധികൃതർ മൗനം പാലിക്കുന്നു. ജില്ലയിൽ നഗര ഗ്രാമ വ്യത്യാസമില്ലാതെ പുലർച്ചെയും രാത്രികാലങ്ങളിലും വൺവെ തെറ്റിച്ചാണ് വാഹനങ്ങൾ കടന്നുപോകുന്നത്. എളുപ്പം നോക്കിയുള്ള ചിലരുടെ ഈ പാച്ചിൽ പലപ്പോഴും നിയമം പാലിച്ച് സഞ്ചരിക്കുന്ന വാഹന ഡ്രൈവർമാരെയാണ് അപകടത്തിനിരയാക്കുന്നത്. കോട്ടയം നഗരത്തിൽ സ്റ്റാർ ജംഗ്ഷൻ, ഭീമ റോഡ്, കഞ്ഞിക്കുഴി പാറമ്പുഴ റോഡ്, ശീമാട്ടി ജില്ലാ ആശുപത്രി റോഡ്, കെ കെ റോഡ്, സെൻട്രൽ ജംഗ്ഷൻ , ബേക്കർ ജംഗ്ഷൻ തുടങ്ങി നിരവധി ഭാഗങ്ങളിൽ വൺവേയും മറ്റ് ക്രമീകരണങ്ങളും പാലിക്കാതെയാണ് ചെറുതും വലുതുമായ വാഹനങ്ങൾ കടന്നു പോകുന്നത്. പകൽ സമയങ്ങളിലും വൺവെ തെറ്റിക്കുന്നുണ്ട്. കഞ്ഞിക്കുഴി - പാറമ്പുഴ റോഡിൽ വൺവെ തെറ്റിച്ച് കയറി വരുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതു പതിവാണ്. കഞ്ഞിക്കുഴി സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക് പൊലീസുണ്ടെങ്കിലും നടപടിയുണ്ടാകാറില്ല. സ്റ്റാർ ജംഗ്ഷനിലും സമാന രീതിയിൽ അപകടങ്ങൾ പതിവാണ്.
സമയ ലാഭത്തിന് കുറുക്കുവഴി.
മാസങ്ങൾക്ക് മുൻപാണ് വൺവേ തെറ്റിച്ചെത്തിയ കെ എസ് ആർ ടി സി ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചത്. തിരക്കേറിയ റോഡിൽ സമയം ലാഭിക്കുന്നതിനായും തിരക്കൊഴിവാക്കുന്നതിനുമാണ് ഭൂരിഭാഗം വാഹനങ്ങളും വൺവേ തെറ്റിച്ച് യാത്ര ചെയ്യുന്നത്. മാർക്കറ്റ് റോഡിൽ നിന്ന് ജനറൽ ആശുപത്രി ഭാഗത്തേയ്ക്കും, സെൻട്രൽ ജംഗ്ഷനിൽ നിന്ന് തിരുനക്കരയിലേക്കും ഇറഞ്ഞാൽ ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങൾ കഞ്ഞിക്കുഴിയിലേക്കും എത്തുന്നത് വൺവേ നിയമം പാലിക്കാതെയാണ്. കാമറകളും പൊലീസും പരിശോധനയ്ക്കുണ്ടെങ്കിലും പലപ്പോഴും നോക്കുകുത്തിയാകുന്ന സ്ഥിതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |