കോട്ടയം . കാലിത്തീറ്റ കഴിച്ചതിനെ തുടർന്ന് അവശനിലയിലായ പശു ചത്തതോടെ ക്ഷീരകർഷകർ ആശങ്കയിൽ. മുളക്കുളം പഞ്ചായത്തിൽ ആപ്പാൻചിറ വട്ടകേരിയിൽ ജോബി ജോസഫിന്റെ ഉടമസ്ഥതയിലുളള്ള അഞ്ച് വയസ് പ്രായമായ പശുവാണ് ചത്തത്. കടുത്തുരുത്തി സ്വകാര്യ ഏജൻസിയിൽ നിന്നാണ് കെ എസ് സുപ്രീം കാലിത്തീറ്റ വാങ്ങിയത്. ഇവ കൊടുത്തശേഷം വയറിളക്കം, തീറ്റയെടുക്കാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുകയും പിന്നീട് അവശനിലയിലാകുകയുമായിരുന്നു. ജില്ലയിൽ വിവിധയിടങ്ങളിലായി 105 പശുക്കൾക്കാണ് രോഗബാധ സ്ഥികരീകരിച്ചത്. നീണ്ടൂർ, പാമ്പാടി ഈസ്റ്റ്, കറുകച്ചാൽ, ഞീഴൂർ, മീനടം, കടപ്ലാമറ്റം, അതിരമ്പുഴ, വാഴൂർ ആർപ്പൂക്കര, കൊഴുവനാൽ, നീണ്ടൂർ തുടങ്ങിയ മേഖലകളിലാണ് ആരോഗ്യപ്രശ്‌നങ്ങൾ പശുക്കളിൽ കണ്ടെത്തിയത്. പാമ്പാടിയിൽ മുപ്പതിലേറെ പശുക്കളിൽ രോഗബാധയുണ്ടായി. പാമ്പാടി ഓർവയലിലെ ക്ഷീരസംഘത്തിൽ നിന്ന് വിതരണം ചെയ്ത കെ എസ് കാലിത്തീറ്റയിൽ നിന്നാണ് ആദ്യം വിഷബാധ ഉണ്ടായത്.
അപകടനില തരണം ചെയ്തു.
രോഗം ബാധിച്ച പശുക്കളെല്ലാം അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഷാജി പണിക്കശ്ശേരി പറഞ്ഞു. ജില്ലയിലെ രോഗം ബാധിച്ച മൃഗാശുപത്രികളിലെ ഡോക്ടർമാരുമായി അവലോകനം നടത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ഓരോ പശുക്കൾക്കും ഓരോ രീതിയിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. രോഗം ബാധിച്ച കാലിത്തീറ്റ ബാച്ച് പശുക്കൾക്ക് നൽകാതിരിക്കാൻ കർഷകർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്ഷീരകർഷകൻ ജോബി ജോസഫ് പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി 9 വരെ പശുവിന് മറ്റ് പ്രശ്നങ്ങളില്ലായിരുന്നു. ഇന്നലെ പുലർച്ചെ നാലിന് നോക്കിയപ്പോഴാണ് പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് ജോബി ജോസഫ് പറഞ്ഞു. പത്ത് പശുക്കൾക്കും രണ്ട് ക്ടാവിനും രോഗംബാധിച്ചിട്ടുണ്ട്. അപകടാവസ്ഥ തരണം ചെയ്തിട്ടില്ല. ട്രിപ്പിട്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |