കോട്ടയം . കേന്ദ്ര ബഡ്ജറ്റിൽ ഏറെ പ്രതീക്ഷ അർപ്പിച്ച കോട്ടയത്തിന് ഒന്നുമില്ല. റബർ കോമ്പൗണ്ട് ഇറക്കുമതി നികുതി 10 ൽ നിന്ന് 25 ശതമാനമായി ഉയർത്തി റബർ കർഷകരെ തലോടിയതാണ് ഏക ആശ്വാസം. റബർ തറവില ഉയർത്തുകയോ സംസ്ഥാന സർക്കാരിന്റെ വിലസ്ഥിരതാ ഫണ്ട് പോലെ സബ്സിഡി പദ്ധതിയോ പ്രഖ്യാപിച്ചിരുന്നെങ്കിൽ പത്തുലക്ഷത്തിലേറെ വരുന്ന ചെറുകിട കർഷകർക്ക് നേട്ടമായേനേ പകരം കോമ്പൗണ്ട് നികുതി 15 ശതമാനം ഉയർത്തിയത് ആത്യന്തികമായി വ്യവസായികൾക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തൽ.
റബർ ഇറക്കുമതി അനുവദിക്കാത്തതിന് പകരം വില കുറഞ്ഞ റബർ കോമ്പൗണ്ട് പത്തു ശതമാനം നികുതിയോടെ ഇറക്കുമതി ചെയ്തതിന്റെ നേട്ടം ടയർകമ്പനികൾക്കായിരുന്നു. റബറിന്റെ ആവശ്യകത കുറയുന്നതിനാൽ ആഭ്യന്തര റബർ വിപണിയെ സാരമായി ബാധിച്ചിരുന്നു. നികുതി കൂട്ടുന്നതോടെ റബർകോമ്പൗണ്ട് ഇറക്കുമതി കുറഞ്ഞാൽ സ്വാഭാവിക റബർ ഇറക്കുമതിയ്ക്ക് വ്യവസായികൾ മുറവിളി കൂട്ടും. ഇത് വീണ്ടും വിലയിടിവിന് കാരണമാകും.
റബർ പ്ലാന്റർ പയസ് സ്കറിയ പൊട്ടൻകുളം പറയുന്നു.
കോമ്പൗണ്ട് റബർ ഇറക്കുമതി ചുങ്കം ഉയർത്തിയത് വഴി ലഭിക്കുന്ന വിദേശ നാണ്യം റബർ കർഷകർക്ക് പ്രയോജനകരമായ രീതിയിൽ അവരുടെ ബാങ്ക് അങ്കൗണ്ടിൽ എത്തുംവിധം ഉത്തേജക പാക്കേജ് നടപ്പാക്കിയിരുന്നെങ്കിൽ ചെറുകിട കർഷകർക്ക് നേട്ടമായേനേ. ഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ചതിന്റെ നേട്ടം കർഷകർക്കല്ല വൻകിട വ്യവസായികൾക്കാകും ലഭിക്കുക.
ജോർജ് വാലി (പ്രസിഡന്റ് ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ) പറയുന്നു.
റബർ കോമ്പൗണ്ട് ഇറക്കുമതി നികുതി ഉയർത്തിയത് സ്വാഗതാർഹം. വ്യാപാരികൾക്കും കർഷകർക്കും ഒരു പോലെ പ്രതീക്ഷനൽകുന്ന നടപടിയാണ്.
പ്രതീക്ഷകൾ ഇവ.
പുതിയ 50 വിമാനത്താവളങ്ങളിൽ ശബരിമല വിമാനത്താവളം ഉൾപ്പെടാം.
2.40 ലക്ഷം കോടിയുടെ റെയിൽ വികസനം ശബരിപാതയ്ക്ക് ഗുണകരമായേക്കും.
50 വിനോദസഞ്ചാരകേന്ദ്ര വികസനത്തിന് ഫണ്ട് അനുവദിച്ചതിൽ കുമരകം വരാം.
ടൂറിസം കേന്ദ്രങ്ങളിലെ ഫുഡ് സ്ട്രീറ്റിൽ മറവൻതുരുത്തോ, അയ്മനമോ ഉൾപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |