SignIn
Kerala Kaumudi Online
Saturday, 20 April 2024 3.08 AM IST

കൂടത്തായി കൊലപാതക പരമ്പര; വെല്ലുവിളികളേറെ

6
ജോളി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസ് വിചാരണയോടടുക്കുമ്പോൾ അന്വേഷണ ഏജൻസിക്കും പ്രോസിക്യൂഷനും മുന്നിലുള്ളത് ഏറെ വെല്ലുവിളികൾ. കൊല്ലപ്പെട്ട ആറ് പേരിൽ നാല് പേരുടെയും മൃതദേഹ അവശിഷ്ടങ്ങളിൽ സയനൈഡിന്റെ അംശമില്ലെന്ന ഹൈദരാബാദിലെ കേന്ദ്ര ഫോറൻസിക് ലാബിന്റെ റിപ്പോർട്ടാണ് പ്രതിസന്ധി വർദ്ധിപ്പിക്കുന്നത്. മരണങ്ങളിലെ സമാനതകളും സയനൈഡ് സാന്നിദ്ധ്യവും മരണങ്ങൾ നടക്കുമ്പോഴുണ്ടായിരുന്ന ജോളിയുടെ സാമീപ്യവുമാണ് കേസിന്റെ കാതൽ. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് മരണങ്ങളെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൊലപാതകം നടത്താൻ സയനൈഡ് കൈമാറിയെന്നതാണ് ജുവലറി ജീവനക്കാരൻ എം.എസ്. മാത്യു, സ്വർണപ്പണിക്കാരൻ താമരശ്ശേരി മുള്ളമ്പലത്തിൽ പ്രജികുമാർ എന്നിവരെ പ്രതിപ്പട്ടികയിലേക്കെത്തിച്ചത്. നാല് പേരുടെ മൃതദേഹ അവശിഷ്ടങ്ങളിൽ സയനൈഡിന്റെ അംശം കണ്ടെത്താനാവാത്തത് സങ്കീർണമായ കേസിന്റെ വിചാരണയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.

ഫൊറൻസിക് ലാബിന്റെ റിപ്പോർട്ട് കേസിനെ ബാധിക്കില്ലെന്ന് വ്യക്തമാക്കുമ്പോഴും ഏറെ കാലപ്പഴക്കമുള്ള കേസിന് ഇത് തിരിച്ചടിയാകുമെന്നാണ് സൂചന. ജോളിയുടെ ഭർത്താവായിരുന്ന റോയ് തോമസ് വധക്കേസിൽ സാക്ഷി വിസ്താരം മാർച്ച് ആറിന് ആരംഭിക്കാനുള്ള മാറാട് മാറാട് പ്രത്യേക അഡിഷണൽ സെഷൻസ് കോടതി സ്വീകരിച്ചെങ്കിലും പ്രതിഭാഗം ഹൈക്കോടതിൽ നൽകിയ ഹർജികളിലുണ്ടാവുന്ന തീരുമാനം വിചാരണ തുടങ്ങുന്നതിനെ സ്വാധീനിച്ചേക്കും. വിചാരണ കോടതി മാറ്റണമെന്നാശ്യപ്പെട്ട് മുഖ്യപ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നൽകിയ അപേക്ഷ, കേസിൽ കുറ്റവിമുക്തയാക്കണമെന്ന ഹർജി,ഹൈക്കോടതിയിൽ കേസുള്ളപ്പോൾ കീഴ്‌ക്കോടതിയിൽ സാക്ഷി വിസ്താരം തുടങ്ങുന്നത് നീട്ടണമെന്ന ആവശ്യം ഉന്നയിച്ചുള്ള ഹർജി എന്നിവയിൽ ഹൈക്കോടതി തീർപ്പ് കൽപ്പിക്കാനുണ്ട്.

158സാക്ഷികളാണ് കേസിലുള്ളത്. ഇതിൽ പ്രധാന സാക്ഷികളിൽ പലരും വിദേശത്തും മറ്റുമാണ്. വിചാരണ വേളയിൽ ഈ പ്രതിസന്ധികളെയും പ്രോസിക്യൂഷൻ മറികടക്കേണ്ടിവരും.

@ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമം ജോളിയെ കുടുക്കി

സ്വന്തം കുടംബത്തിൽ 2002 മുതൽ വിവിധ കാലങ്ങളിലായി നടത്തിയ കൊലപാതകങ്ങളെ സമർത്ഥമായി മറച്ചെങ്കിലും ഭർതൃപിതാവ് ടോം തോമസിന്റെ പേരിലുള്ള 38 സെന്റ് സ്ഥലവും വീടും കൈക്കലാക്കാനുള്ള ശ്രമങ്ങളാണ് ജോളിയെ സംശയത്തിന്റെ നിഴലിലാക്കിയത്. വ്യാജ ഒസ്യത്തുണ്ടാക്കി സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമം മനസിലാക്കിയ ടോംതോമസിന്റെ വിദേശത്തായിരുന്ന മകൻ റോജോ തോമസ് നാട്ടിലെത്തി നടത്തിയ അന്വേഷണങ്ങളും തുടർന്ന് നൽകിയ പരാതിയുമാണ് കേസന്വേഷണത്തിലേക്ക് നീട്ടിയത്. മരണങ്ങളിലെ സമാനതകളും മരണങ്ങൾ നടക്കുമ്പോഴുണ്ടായിരുന്ന ജോളിയുടെ സാമീപ്യവും തെളിവുകളായി. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് മരണങ്ങളെന്ന് കണ്ടെത്തി. റോയ് തോമസിന്റെ അസ്വാഭാവിക മരണത്തിൽ 2011 ൽ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന കേസിൽ പരോഗതി ഉണ്ടായിരുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സയനൈഡിന്റെ അംശം ശരീരത്തിൽ കണ്ടെത്തിയിരുന്നെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ല. ഈ കേസ് പുനരന്വേഷിച്ചു കൊണ്ടാണ് അന്വേഷണ സംഘം ജോളിയിലേക്ക് എത്തിയത്. 2019 ജൂലായിൽ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി ലഭിച്ചെങ്കിലും സ്വത്തുതർക്കമെന്ന നിഗമനത്തിൽ അന്വേഷണം മുന്നോട്ടുപോയില്ല. കെ.ജി. സൈമൺ റൂറൽ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്തതോടെ പരാതി സ്‌പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ ജീവൻ ജോർജിന് കൈമാറി. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാദ്ധ്യത ഉണ്ടെന്നുമായിരുന്നു ജീവൻ ജോർജിന്റെ അന്വേഷണ റിപ്പോർട്ട്. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. ഹരിദാസന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ആറു മരണങ്ങളും കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെയാണ്

2019 ഒക്ടോബർ അഞ്ചിന് മുഖ്യപ്രതി ജോളി അറസ്റ്റിലായത്. ഒക്ടോബർ നാലിന് അന്വേഷണ സംഘം സെമിത്തേരിയിലെ കല്ലറകൾ നീക്കിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. അന്ന് മുതൽ ജോളി ജയിലിൽ തുടരുകയാണ്.

@ കൊലപാതകങ്ങൾ

2002 ആഗസ്റ്റ് 22: അന്നമ്മ തോമസ്(57)
2008 ആഗസ്റ്റ് 26: ടോം തോമസ് (66)

2011 സെപ്തംബർ 30: റോയ് തോമസ്(40)
2014 ഫെബ്രുവരി 24: മാത്യു മഞ്ചാടിയിൽ(68)
2014 മേയ് 3:ആൽഫൈൻ (2)
2016 ജനുവരി 11:സിലി (44)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.