കൽപ്പറ്റ: കോൺഗ്രസ് പുന:സംഘടനാചർച്ച പുരോഗമിക്കുമ്പോൾ വയനാട് ജില്ലാ കോൺഗ്രസിൽ സാമുദായിക വിവേചനം സംബന്ധിച്ച് കടുത്ത അസംതൃപ്തിയും അഭിപ്രായവ്യത്യാസവും ശക്തിപ്പെടുന്നു. ഈഴവ, തിയ്യ വിഭാഗം ജില്ലയിലെ ജനസംഖ്യയിൽ 28% അധികമാണെങ്കിലും പാർട്ടി പദവികളിലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ഈ വിഭാഗത്തിൽ നിന്ന് പ്രധാന പദവികളിലേക്ക് പരിഗണിക്കുകയോ മതിയായ പ്രാതിനിദ്ധ്യം നൽകുകയോ ചെയ്യുന്നില്ല. കാലാകാലങ്ങളായി ജില്ലയിലെ ഈഴവ തിയ്യ വിഭാഗത്തിൽ ഭൂരിപക്ഷവും കോൺഗ്രസിനോട് ചേർന്ന് നിൽക്കുന്നവരാണ്. കടുത്ത വിവേചനവും, അവഗണനയും കാരണം നിരവധി പ്രാദേശിക നേതാക്കൾ കോൺഗ്രസിൽ നിന്നും കൊഴിഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുന്നു. കോൺഗ്രസ് നേതൃത്വം ജില്ലയിലെ സാമുദായിക സന്തുലിതാവസ്ഥ ഉറപ്പുവരുത്തുന്നതിനോ പിന്നാക്ക ജനവിഭാഗങ്ങളെ പാർട്ടിയോട് ചേർത്ത് നിർത്തുന്നതിനോ തയ്യാറാവുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പും പാർട്ടി പുനസംഘടനയും നടക്കുമ്പോൾ ജില്ലാ നേതൃത്വം ചില സമുദായ നേതാക്കളെ ഉപയോഗിച്ച് സ്ഥാനമാനങ്ങൾ വെട്ടിപ്പിടിക്കുന്ന സ്ഥിതിയാണ് വയനാട്ടിൽ കണ്ടുവരുന്നത്. ഡി.സി.സി, കെ.പി.സി.സി നേതൃനിരയിൽ ഭൂരിപക്ഷം പേരും ഒരു പ്രത്യേക സമുദായത്തിൽ നിന്നുമാണ്. ഈഴവ തിയ്യ വിഭാഗത്തിന്റെ പകുതിയോളം മാത്രം ജനസംഖ്യയുള്ള വിഭാഗമാണ് ഗണ്യമായ സ്ഥാനമാനങ്ങൾ കൈവശം വെച്ചിരിക്കുന്നത്. പിന്നാക്കവിഭാഗങ്ങൾ പാർട്ടിയിൽ നിന്ന് അകലുന്നു എന്ന് പരിതപിക്കുമ്പോഴും അവരെ ചേർത്തുപിടിക്കുന്നതിനോ പരിഗണന നൽകി കൂടെ നിർത്തുന്നതിനോ ജില്ലയിലെ നേതൃത്വം തയ്യാറാകാത്തത് ദുരുദ്ദേശപരമാണ്. ജില്ലയിലെ ഒരു പ്രമുഖ നേതാവ് തന്റെ സമുദായക്കാർക്ക് പാർട്ടി പദവികൾ ഒരു കൂടിയാലോചനയും ഇല്ലാതെ വീതം വെച്ചു നൽകുന്ന സ്ഥിതിയാണെന്നാണ് ആരോപണം. രാഹുൽഗാന്ധി പ്രതിനിധാനം ചെയ്യുന്ന ജില്ലയാണെന്നുള്ള വകതിരിവ് പോലും ഇല്ലാതെയാണ് ഇദ്ദേഹം കോൺഗ്രസിന്റെ ശക്തി ക്ഷയിപ്പിക്കുന്ന സാമുദായിക വിവേചനത്തിന് പരസ്യമായ പ്രവർത്തനം നടത്തുന്നത്. ബഹു ഭൂരിപക്ഷം പ്രവർത്തകരും, യു.ഡി.എഫിലെ പ്രമുഖ ഘടക കക്ഷിയും എതിർത്തിട്ടും മുൻകാലങ്ങളിൽ മുന്നണി വിരുദ്ധ പ്രവർത്തനം നടത്തിയവരെ പാർട്ടിയിൽ കൊണ്ടുവന്ന് അവരോധിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഉദാഹരണമാണ്.
ഇപ്പോൾ കോൺഗ്രസിൽ പുനസംഘടനാ ചർച്ച നടക്കുമ്പോഴും ജില്ലയിലെ യഥാർത്ഥ സാഹചര്യങ്ങൾ മറച്ചു വെച്ച് സമുദായ നേതാക്കളുടെ കത്തും, കമ്പിയും സന്ദേശങ്ങളും സംഘടിപ്പിച്ച് സ്വന്തം അനുയായികളെ കെ.പി.സി.സി, എ.ഐ.സി.സി നേതൃത്വത്തിന്റെ അടുത്തേക്ക് അയക്കുകയാണ് ചെയ്യുന്നത്.
വയനാട്ടിലെ നിരവധി ജനകീയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനോ ഫലപ്രദമായ പ്രതിഷേധ, പ്രതിരോധ സമരങ്ങൾ സംഘടിപ്പിക്കുന്നതിനോ തയ്യാറാകാതെ ജനങ്ങളിൽ നിന്നും അകന്നുകൊണ്ടിരിക്കുന്ന പാർട്ടി നേതൃത്വം ജനവികാരം മനസിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് മനസിലാക്കുന്നില്ല.
2019ലെ തിരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് ആയ തുഷാർ വെള്ളാപ്പള്ളിയാണ് രാഹുൽ ഗാന്ധി ക്കെതിരെ മത്സരിച്ചത്. സമുദായത്തോട് ഇൗ അവഗണന തുടരുന്നതിനാൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിക്ക് ലഭിച്ച വോട്ട് ഇനി ലഭിക്കണമെന്നുമില്ല..94ശാഖകളാണ് ജില്ലയിൽ. അന്ന് കോൺഗ്രസിന്റെ കൂടെ നിന്ന് പ്രവർത്തിച്ചവരെ പിന്നീട് അവഗണിക്കുകയാണുണ്ടായത്. എന്നാൽ അതിനു ശേഷം നടന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ഈ വിഭാഗത്തെ വേണ്ട രീതിയിൽ പരിഗണിച്ചില്ല. ഇതിൽ സമുദായ അംഗങ്ങൾ കടുത്ത സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തതാണ്. മുമ്പ് ജില്ലയിൽ നിന്നും ഈ സമുദായത്തിൽ പെട്ടവർ കെ.പി.സി.സി നിർവാഹകസമിതി, ഡി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലും, നിർണായക ചർച്ച നടക്കുന്ന കമ്മറ്റികളിലും ഉണ്ടായിരുന്നു. എന്നാൽ മേൽ പറഞ്ഞ കമ്മിറ്റികളിൽ ഒന്നും ഈ സമുദായത്തിന് പ്രതിനിദ്ധ്യമില്ല. ജില്ലാ നേതൃത്വത്തിന്റെ ഈ നിലപാടിൽ മനം നൊന്താണ് വളരെയധികം പാർട്ടി പ്രവർത്തകരും പ്രാദേശിക നേതാക്കളും മറ്റു പാർട്ടിയിൽ ചേക്കേറിയത്. ഇപ്പോഴും നിരവധി പാർട്ടി പ്രവർത്തകർ ഈ അവഗണനയിൽ നിരാശരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |