കൊച്ചി: ഓണക്കാലത്ത് വിതരണം ചെയ്യാൻ രാസലഹരിയുമായി ഹോട്ടലിൽ തങ്ങിയ ജിം ട്രെയിനർ ഉൾപ്പെടെ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡാൻസഫും ചേരാനല്ലൂർ പൊലീസും നടത്തിയ പരിശോധനയിൽ ഇടപ്പള്ളിയിലെ ജിമ്മിൽ ജോലി ചെയ്യുന്ന പറവൂർ ചേന്ദമംഗലം പാലത്തുരുത്ത് അങ്ങാടിപ്പറമ്പിൽ അബ്ദുൽ റൗഫ് (22), കണ്ണൂർ ഇരിട്ടി കീഴൂർ വള്ളിയാട് ആക്കപ്പറായി വീട്ടിൽ അനൂപ് (25) എന്നിവരാണ് ചേരാനല്ലൂർ തൈക്കാവ് പെട്രോൾപമ്പിന് സമീപത്തെ ഹോട്ടലിൽ നിന്ന് പിടിയിലായത്.
പ്രതികളിൽ നിന്ന് 1.50 ലക്ഷം രൂപ വിലമതിക്കുന്ന 24.130 ഗ്രാം എം.ഡി.എം.എ, ലഹരിവിതരണത്തിലൂടെ കിട്ടിയ 84,000 രൂപ, രാസലഹരി നിറയ്ക്കാനുള്ള 22 സിപ്പ് ലോക്ക് കവറുകൾ, ഇലക്ട്രോണിക് അളവ് യന്ത്രം, പുകയ്ക്കാനുള്ള പൈപ്പ് എന്നിവ പിടിച്ചെടുത്തു.
പ്രതികൾ ഡാൻസഫിന്റെ നിരീക്ഷണത്തിലായിരുന്നു. ടാക്സി ഡ്രൈവറായ അനൂപിനെ രാസലഹരിയുമായി എറണാകുളം എക്സൈസ് മുമ്പും പിടികൂടിയിട്ടുണ്ട്. ഇരുവരും ലഹരി വിതരണവുമായി ബന്ധപ്പെട്ടാണ് അടുക്കുന്നത്. ഹോട്ടലുകളിൽ മുറിയെടുത്താണ് വിതരണം. കൊച്ചിയിലും പരിസരത്തും രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികൾ. ജിമ്മുകൾ കേന്ദ്രീകരിച്ച് ലഹരി വിതരണം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. നാർക്കോട്ടിക് സെൽ എ.സി.പി എം.ബി.ലത്തീഫിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |