കോഴിക്കോട് : അഴക് പദ്ധതി ഉൾപ്പെടെ നടപ്പാക്കാനുള്ള കോർപ്പറേഷന്റെ ശ്രമങ്ങൾക്ക് ഊർജം പകരാൻ വേണ്ടത് കൂടുതൽ ശുചീകരണ തൊഴിലാളികൾ. 200 ഓളം ശുചീകരണ തൊഴിലാളികളുടെ കുറവാണ് കോർപ്പറേഷനിലുള്ളത്. കഴിഞ്ഞ നവംബറിൽ 122 പേരുടെ അഭിമുഖം നടത്തിയിരുന്നെങ്കിലും നിയമനം ആയിട്ടില്ല. രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണം അന്നുതന്നെ പ്രതിപക്ഷം ഉയർത്തിയിരുന്നു. ഈ പ്രതിസന്ധി കൂടി കോർപ്പറേഷന് മറികടക്കേണ്ടതുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് 122 പേരുടെ നിയമനത്തിനായി അഭിമുഖം നടത്തിയത്. ഇത്രയും ഒഴിവിലേക്ക് ജീവനക്കാരെ താത്കാലികമായി നിയമിക്കാനായിരുന്നു തീരുമാനം. എന്നാൽ മൂന്ന് മാസമായിട്ടും നടപടി നീളുകയാണ്. നിയമനം നീളുന്നതിനാൽ നിലവിലുള്ള ജീവനക്കാരുടെ ജോലി ഭാരം കൂടി. വിരമിക്കുന്നതിന് അനുസരിച്ച് നിയമനമില്ലാത്തതിൽ തൊഴിലാളികൾക്കിടയിലും പ്രതിഷേധമുണ്ട്.
ആറ് മാസം മുമ്പ് 150ലേറെ ഒഴിവുകളുണ്ടായിരുന്നിടത്ത് ഇപ്പോൾ 200 ഓളമായി. കോർപ്പറേഷനിൽ ആകെ 750 ശുചീകരണത്തൊഴിലാളികളുടെ തസ്തികയാണുള്ളത്. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ച് മുന്നോട്ട് പോവുന്നതിനിടെ തിരുവനന്തപുരം കോർപ്പറേഷനിലെ നിയമന വിവാദം നടപടികൾ വൈകിപ്പിച്ചു. അതേസമയം പട്ടിക വൈകാതെ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. കൗൺസിൽ അംഗീകാരത്തിന് ശേഷമാണ് നിയമന നടപടികളിലേക്ക് കടക്കുക. എന്നാൽ പട്ടിക പരിശോധിച്ച ശേഷമേ അനുകൂലിക്കൂവെന്ന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത വ്യക്തമാക്കി. സ്വജന പക്ഷപാതവും രാഷ്ട്രീയ നിയമനങ്ങളുമാണ് നടക്കുന്നതെന്ന് നേരത്തെ ആരോപിച്ചിരുന്നെന്നും ഇക്കാര്യത്തിൽ വ്യക്തത വേണമെന്നും അവർ പറഞ്ഞു. മഴക്കാലത്തിന് മുമ്പ് അസ്വാരസ്യങ്ങളില്ലാതെ മാനദണ്ഡപ്രകാരം നിയമനം പൂത്തിയാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |