കൽപ്പറ്റ: ചൂടിന്റെ കാഠിന്യം വർദ്ധിച്ചു. ചുരത്തിന് മുകളിൽ ഒരു തീപ്പൊരി വീണാൽ വനവും വനമേഖലയും നിമിഷങ്ങൾക്കകം കത്തിയമരും. ഇപ്പോൾതന്നെ ഒരാഴ്ചയ്ക്കുളളിലായി ഹെക്ടർകണക്കിന് വനമാണ് വയനാട്ടിൽ മാത്രമായി കത്തിയെരിഞ്ഞത്. കാട് കത്തി ചാരമായി അമരുന്നത് വനപാലകർക്ക് പോലും നോക്കി നിൽക്കാനെ കഴിയൂ. ആധുനിക സംവിധാനങ്ങളൊന്നുമില്ല. അതാണ് നമ്മുടെ സംവിധാനം.കാട് കത്തിയമരുമ്പോൾ ചാരമാകുന്ന കൂട്ടത്തിൽ വന്യമൃഗങ്ങൾക്കൊപ്പം ഇഴജന്തുക്കളും പറവകളുമൊക്കെ ഉൾപ്പെടും. വലിയൊരു പ്രകൃതി സമ്പത്താണ് ഒരു തീപ്പൊരിയിലൂടെ ഇല്ലാതാകുന്നത്. തീനാളങ്ങൾ കാടിനെ മാത്രമല്ല, കാടിനോട് ചേർന്ന വൻകിട തോട്ടങ്ങളെയും വിഴുങ്ങുന്നു. ലോക പ്രസിദ്ധമായ എടക്കൽ ഗുഹയ്ക്ക് സമീപമുളള അമ്പുകുത്തി മലനിരകളിൽ കഴിഞ്ഞദിവസമുണ്ടായ വൻ തീ പിടിത്തത്തിൽ ഇരുപത് ഹെക്ടർ വനമാണ് നിമിഷ നേരം കൊണ്ട് ചാരമായത്. തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ നിരവധി തീ പിടിത്തങ്ങൾ.വയനാട്ടിലെ മലമകളിലും ഉൾപ്രദേശങ്ങളിലെ വനങ്ങളും കത്തിക്കൊണ്ടിരിക്കുന്നു.
#
വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ,തോൽപ്പെട്ടി,കുറിച്യാട്, സുൽത്താൻ ബത്തേരി റേഞ്ചുകളിലെല്ലാം കടുത്ത വരൾച്ചയാണ്. വനമേഖലകൾ ചുട്ടുപൊളളുന്നു.സംസ്ഥാന അതിർത്തിയിൽ തേക്ക് തോട്ടമായതിനാൽ താപനില ഉയർന്നിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിലെ ബന്ദിപ്പൂർ,മുതുമലൈ,നാഗർഹോള വനമേഖകളിൽ വരൾച്ചകാരണം അൽപ്പമെങ്കിലും പച്ചപ്പുളള വയനാടൻ കാടുകളിലേക്കാണ് വന്യമൃഗങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുന്നത്.
#
വയനാട്ടിൽ കൂട്ടത്തോടെ മുളങ്കാടുകൾ പൂക്കാൻ തുടങ്ങി.നാൽപ്പത് വർഷം കൂടുമ്പോഴാണ് മുളങ്കാടുകൾ പൂക്കാറ്. പിന്നെ അത് ഉണങ്ങി നശിക്കാറാണ് പതിവ്. മുളങ്കാടുകൾക്കാണ് തീ പെട്ടെന്ന് പടർന്നുപിടിക്കുന്നത്. ഇതോടെ വനമാകെ തീ പടർന്ന് പിടിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |