കോഴിക്കോട്: ആനുകൂല്യങ്ങൾ കിട്ടുന്നില്ല, ജീവിതം തുന്നിച്ചേർക്കാനാകാതെ തയ്യൽ തൊഴിലാളികൾ സമരത്തിലേക്ക്.
തയ്യൽ തൊഴിലാളി ക്ഷേമനിധി റിട്ടയർമെന്റ് ആനുകൂല്യവിതരണത്തിനായി ഏർപ്പെടുത്തിയ ജനദ്രോഹ മാനദണ്ഡം പിൻവലിക്കുക, പ്രസവാനുകൂല്യം ഒരുമിച്ചു വിതരണം ചെയ്യുക, ഇരട്ടപെൻഷന്റെ പേരിൽ വിധവകളായ തയ്യൽതൊഴിലാളികൾക്ക് പെൻഷൻ നിഷേധിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ സമരത്തിനൊരുങ്ങുന്നത്. 1986 നവംബറിൽ പ്രഖ്യാപിച്ച ഡെത്ത് കം റിട്ടയർമെന്റ് ബെനഫിറ്റ് സ്കീമിൽ അംഗമായ തയ്യൽ തൊഴിലാളിക്ക് 42 വർഷം മാസം 10 രൂപ വീതം പണമടച്ചാൽ അടച്ച പൈസയും പലിശയുമടക്കം 50000 രൂപ റിട്ടയർമെന്റ് ലഭിക്കുമെന്നാണ് അന്നത്തെ സർക്കാർ പ്രഖ്യാപിച്ചത്. തുടർന്ന് 1994 ൽ തയ്യൽ തൊഴിലാളിക്ക് തനതായി ക്ഷേമനിധി രൂപപെടുത്തിയപ്പോൾ 10 രൂപ വീതം 42 വർഷം അടച്ചാൽ 60000 രൂപയാക്കി നിശ്ചയിച്ചു. 2008 ൽ 20 രൂപയാക്കി വർദ്ധിപ്പിച്ചപ്പോഴും റിട്ടയർമെന്റ് തുക വ്യത്യാസപ്പെടുത്തിയില്ല. 2020 ഏപ്രിൽ മുതൽ അംശാദായം 50 രൂപയാക്കി വർദ്ധിപ്പിക്കുകയും റിട്ടയർമെന്റ് തുക 150000 ആക്കുകയും ചെയ്തു. 10 രൂപ വച്ചും 20 രൂപ വച്ചും അംശാദായം അടച്ചു വന്നിരുന്ന തൊഴിലാളിക്ക് ആ കാലഘട്ടത്തിൽ 34 വർഷം സർവീസ് ഉള്ള ആളിന് പ്രഖ്യാപിച്ച റിട്ടയർമെന്റ് തുക 25940 രൂപ എന്നിരിക്കെ നിലവിൽ 34 വർഷം സർവീസ് ഉള്ള തൊഴിലാളിയ്ക്ക് റിട്ടയർമെന്റ് തുകയായി ബോർഡ് അയച്ചു നൽകിയത് 11105 രൂപ മാത്രമാണ്. സർക്കാരിന്റെയോ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെയോ ഉത്തരവുകളോ അനുമതിയോ ഇല്ലാതെയാണ് ചീഫ് എക്സിക്യുട്ടീവ് ഓഫീസിൽ നിന്നും ഇത്തരത്തിൽ റിട്ടയർമെന്റ് വിതരണം ചെയ്യുന്നതെന്ന് തൊഴിലാളികൾ പറയുന്നു.
മാത്രമല്ല സർക്കാർ അംഗീകരിച്ച പ്രസവാനുകൂല്യവും തയ്യൽ തൊഴിലാളികൾക്ക് വൈകിയാണ് ലഭിക്കുന്നത്.
2012 ഏപ്രിൽ 1 മുതൽ 15000 രൂപയാണ് പ്രസവാനുകൂല്യമായി സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ 2000 രൂപ മാത്രമാണ് ലഭിക്കുന്നത്. ബാക്കി 13000 വെെകിയാണ് ലഭിക്കുന്നത്. തയ്യൽതൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങൾ വിധവാപെൻഷൻ വാങ്ങുന്നവർ 60 വയസ് പൂർത്തിയായാൽ തയ്യൽ തൊഴിലാളി പെൻഷൻ ലഭിക്കണമെങ്കിൽ വിധവാപെൻഷൻ വേണ്ട എന്ന് എഴുതി നൽകണം. പ്രശ്നം ചൂണ്ടിക്കാട്ടി മന്ത്രിമാർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. തുടർന്ന് പ്രതിഷേധസൂചകമായി സെക്രട്ടേറിയറ്റ് നടയിൽ കൂട്ട സത്യാഗ്രഹസമരം നടത്തിയെങ്കിലും നടപടിയുണ്ടായില്ല.
@ 15 ന് കളക്ടറേറ്റ് മാർച്ചും ധർണയും
തയ്യൽ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ അനുകൂല നടപടി ഉണ്ടാതാത്തതിൽ പ്രതിഷേധിച്ച് 15 ന് ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ തൊഴിലാളികൾ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിഷയത്തിന് പരിഹാരം കാണുന്നത് വരെ തുടർ സമരങ്ങൾ നടത്താനും സംഘടന തീരുമാനിച്ചു. വാർത്താസമ്മേളനത്തിൽ സംസ്ഥാന വെെസ് പ്രസിഡന്റ് കെ.മാനുക്കുട്ടൻ, ടി.കെ ഖജീജാ ഹംസ, മൂരാട്ദാമോദരൻ, ജില്ലാ സെക്രട്ടറി എം രാമകൃഷ്ണൻ, ടി.പി നസീബാറായ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |