കോഴിക്കോട്: കെട്ടിട നമ്പർ തട്ടിപ്പിൽ തുടങ്ങി ഞെളിയൻപറമ്പിലെ വേസ്റ്റ് ടു എനർജി പ്ലാന്റുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വരെ നീണ്ട വിവാദക്കാലത്തിന് ശേഷമുള്ള ബഡ്ജറ്റിൽ എന്തെങ്കിലും ആശ്വസിക്കാനുണ്ടാവുമോ എന്നാണ് നഗരവാസികൾ ഉറ്റുനോക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തെ പുതുക്കിയ ബഡ്ജറ്റും 2023-24 വർഷത്തെ മതിപ്പ് ബഡ്ജറ്റും ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ഇന്ന് അവതരിപ്പിക്കും. കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ ഹാളിൽ രാവിലെ പത്തിന് ബഡ്ജറ്റ് അവതരണം ആരംഭിക്കും.
മാറ്റിവക്കപ്പെട്ടതും നിലച്ചതുമായ പദ്ധതികൾ ഇത്തവണ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. അഴക് പദ്ധതിയ്ക്കും വീ ലിഫ്റ്റ് തൊഴിൽദാന പദ്ധതിയ്ക്കും തുടക്കം കുറിക്കാൻ കോർപ്പറേഷന് സാധിച്ചു. അമൃത് പദ്ധതിയിൽ ഉൾപ്പടുത്തി നടപ്പാക്കാനിരുന്ന കോതിയിലെയും ആവിക്കലിലെയും മലിനജല സംസ്‌കരണ പ്ലാന്റുകൾ ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് നടപ്പാക്കാൻ കഴിയിത്തത് തിരിച്ചടിയായി. ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് ഞെളിയൻ പറമ്പിലെ വേസ്റ്റ് ടു എനർജി പ്ലാന്റുമായി ബന്ധപ്പെട്ടുയർന്ന ആക്ഷേപങ്ങളെ ഏറെ ആശങ്കയോടെയാണ് നഗരവാസികൾ വീക്ഷിക്കുന്നത്. കെട്ടിട നമ്പർ തട്ടിപ്പ്, നികുതി പിരിവിലെ തട്ടിപ്പ്, പഞ്ചാബ് നാഷണൽ ബാങ്കിലെ കോർപ്പറേഷൻ അക്കൗണ്ടിലെ തട്ടിപ്പ് തുടങ്ങി ഒട്ടേറെ ആരോപണങ്ങളാണ് പൂർത്തിയാവുന്ന സാമ്പത്തിക വർഷം കോർപ്പറേഷൻ ഭരണസമിതിക്കും ഓഫീസിനും നേരെ ഉയർന്നത്.
അഴക് പദ്ധതിയും തൊഴിൽ ദാനപദ്ധതിയിലെ പുരോഗതിയുമാണ് കോർപ്പറേഷന് ചൂണ്ടിക്കാണിക്കാനുള്ളത്. മാലിന്യപ്രശ്‌നം രൂക്ഷമായ നഗരത്തിൽ അഴക് പദ്ധതിയുടെ വേഗം ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ട്. ടൂറിസവുമായി ബന്ധപ്പെട്ട് വലിയ പ്രഖ്യാപനങ്ങൾ കഴിഞ്ഞ തവണ ഉണ്ടായിരുന്നെങ്കിലും പ്രവർത്തന തലത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. മിഠായിത്തെരുവിനോട് ചേർന്ന് പാർക്കിംഗ് പ്ലാസയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അമൃത് പദ്ധതിയിലുൾപ്പെടുത്തി ഡ്രൈനേജുകളുടെ നിർമ്മാണം പൂർത്തിയാക്കിക്കഴിഞ്ഞു. പി.എം.എ.വൈ. ലൈഫ് പദ്ധതി പുരോഗതിയിലാണ്. ഭൂരഹിത ഭവനരഹിതർക്ക് വീടൊരുക്കാനുള്ള മനസോടിത്തിരി മണ്ണ് പദ്ധതി പുരോഗമിക്കുന്നു. എന്നിങ്ങനെയുള്ള നേട്ടങ്ങൾ ഭരണപക്ഷം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ തട്ടിപ്പും വെട്ടിപ്പും നിറഞ്ഞ സാമ്പത്തിക വർഷമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഉദ്ഘാടനം ചെയ്‌തെങ്കിലും മാങ്കാവ് വനിതാ ഹോസ്റ്റൽ പ്രവർത്തനം ആരംഭിച്ചില്ല. ഷീ ലോഡ്ജും ആരംഭിക്കാൻ സാധിച്ചില്ല. കോവൂർ കമ്മ്യൂണിറ്റി ഹാൾ, കണ്ടംകുളം ജൂബിലി ഹാൾ എന്നിവയും പ്രവൃത്തി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
വികസന രംഗത്ത് യാതൊരു പുരോഗതിയുമില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കോർപ്പറേഷനെന്നുമാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. മരാമത്ത് പ്രവൃത്തികൾ പോലും നടത്തിയിട്ടില്ല. വാർഡുകളിലെ വികസന പ്രവൃത്തികൾ സ്തംഭനാവസ്ഥയിലാണ്. കോർപ്പറേഷൻ ഓഫീസ് നവീകരണം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. മിഠായിത്തെരുവ് യാത്രാ സൗകര്യം, ഞെളിയൻ പറമ്പ് മാലിന്യപ്രശ്‌നം, മഹിളാമാൾ,ലോറി പാർക്കിംഗ്, ഡി.പി.ടി പരിഷ്‌കരണം, പുതിയബസ് സ്റ്റാൻഡ് നവീകരണം ഇവയിലൊന്നും പ്രവൃത്തി തലത്തിൽ പുരോഗതി കൈവരിക്കാൻ കോർപ്പറേഷന് സാധിച്ചിട്ടില്ലെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |