കൽപ്പറ്റ: വയനാട് പ്രസ് ക്ലബ്ബിലേക്ക് മാവോയിസ്റ്റുകളുടെ പേരിൽ വീണ്ടും കത്ത് ലഭിച്ചു. മാവോയിസ്റ്റ് കൊട്ടിയൂർ ഘടകത്തിന്റെ പേരിലാണ് കൽപ്പറ്റയിലെ വയനാട് പ്രസ്ക്ലബ്ബിലേക്ക് കത്ത് വന്നത് . ധനകാര്യ സ്ഥാപനങ്ങളുടെ കർഷകചൂഷണങ്ങൾക്കെതിരെയുള്ള ഭീഷണിയാണ് കത്തിലുള്ളത്.
മാർച്ച് 6ന് പടിഞ്ഞാറത്തറയിൽ നിന്നാണ് കൊട്ടിയൂർ വയനാട് ഘടകത്തിന്റെ പേരിൽ മാവോയിസ്റ്റുകൾ കത്തെഴുതിയിട്ടുള്ളത്. ഇതിന് മുമ്പും വയനാട് പ്രസ് ക്ലബ്ബിലേക്ക് മാവോയിസ്റ്റുകളുടെ പേരിൽ കത്തുകൾ വന്നിട്ടുണ്ട്. കത്ത് വയനാട് പ്രസ് ക്ലബ്ബിലേക്കാണങ്കിലും വയനാട് കളക്ടറേറ്റ്, മറ്റ് ബാങ്കുകൾക്കും എന്ന് അഭിസംബോധന ചെയ്തിട്ടുണ്ട്. കിടപ്പാടം ജപ്തി ചെയ്ത് കർഷകരെ കണ്ണീര് കുടിപ്പിക്കുന്ന ബാങ്കുകൾക്കെതിരെ ആയുധമെടുത്ത് പോരാടാനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.കർഷകരുടെ സ്വത്തുക്കൾ തട്ടിയെടുക്കുന്ന ഒരു ബാങ്ക് ഉദ്യോഗസ്ഥനെയെങ്കിലും വധിക്കണമെന്നും അതിനായി അണി നിരക്കണമെന്നും കത്തിലുണ്ട്.
പനമരം ഭൂപണയ ബാങ്കിനെയും അവിടുത്തെ ഉദ്യോഗസ്ഥരെയും കത്തിൽ പേരെടുത്ത് പരാമർശിക്കുന്നു. സ്റ്റേറ്റ് ബാങ്ക്, കേരള ബാങ്ക് എന്നിവയ്ക്കെതിരെയും പരാമർശമുണ്ട്. വയനാട് പ്രസ് ക്ലബ്ബ് ഭാരവാഹികൾ കത്ത് പൊലീസിന് കൈമാറി. പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |