കോഴിക്കോട്: മൈതാനത്ത് പന്തുരുണ്ടാൽ ഹൃദയതാളം പോലും അതിനനുസരിച്ച് ക്രമീകരിക്കുന്ന മലബാറിലെ ഫുട്ബോൾ ആരാധകരുടെ പുതുതലമുറയ്ക്കും ഫുട്ബോൾ ഹൃദയത്തിലാണ്. ആ ഫുട്ബോൾ സ്നേഹം ഊട്ടിയുറപ്പിക്കുന്നതായിരുന്നു പതിയെ തുടങ്ങി കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആരാധകക്കൂട്ടം. വൈകീട്ട് അഞ്ചിന് നടന്ന ബംഗളൂരു എഫ്.സി - ശ്രീനിധി ഡെക്കാൻ മത്സരത്തിലെ കാണികളുടെ കുറവ് 8.30 ന് തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ് - റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സി മത്സരത്തിൽ കോഴിക്കോട്ടുകാർ നികത്തി.
മലബാറിലെ ആരാധകർ ഹീറോ സൂപ്പർകപ്പിന് നൽകിയത് സൂപ്പർ വരവേൽപ്പ്. നല്ല കളിയെ എക്കാലത്തും നെഞ്ചേറ്റുന്ന മലബാറിന് സൂപ്പർ കപ്പിലെ സൂപ്പർ ടീമുകൾ സമ്മാനിച്ചത് ഒന്നാന്തരം കഴിക്കാഴ്ചകൾ. ബംഗളൂരു എഫ്.സിയെ സമനിലയിൽ തളച്ച ശ്രീനിധി ഡെക്കാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. സുനിൽ ഛേത്രിയും സന്ദേശ് ജിങ്കനും റോയ് കൃഷ്ണയുമെല്ലാം ഇറങ്ങിയിട്ടും ബംഗളൂരുവിനെ വിജയതീരത്തെത്താൻ ശ്രീനിധി അനുവദിച്ചില്ല. നോമ്പുകാലവും വിഷു - ഈസ്റ്റർ ഉത്സവ കാലവുമെല്ലാമായിട്ടും ആരാധകർ സ്റ്റേഡിയത്തിലേക്ക് ഉത്സവമൊരുക്കി.
@ ഗാലറിയിൽ മിന്നിത്തിളങ്ങി മഞ്ഞപ്പട
ഗാലറി മഞ്ഞപ്പടയ്ക്ക് സ്വന്തമായിരുന്നു. ഒന്നായി പോരാടാം ലൗഡ് പ്രൗഡ് റോയൽ മഞ്ഞപ്പട, കേരള ബ്ലാസ്റ്റേഴ്സ് ആർമി എന്നീ ബാനറുകളും മഞ്ഞക്കൊടികളുമായെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഗാലറിയിൽ നിറഞ്ഞാടി. വൈകീട്ട് അഞ്ചിന് ആരംഭിച്ച ബംഗളൂരു എഫ്.സി- ശ്രീനിധി ഡെക്കാൻ കളി കാണാൻ എത്തിയധിലധികവും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരായിരുന്നു. ഇന്ത്യൻ താരങ്ങളായ സുനിൽ ഛേത്രി ഉൾപ്പടെയുള്ളവർ അണിനിരന്ന ബംഗളൂരു ടീം ഗ്രൗണ്ടിലെത്തിയപ്പോൾ ഐ.എസ്.എൽ. പ്ലേഓഫിൽ കേരള ബ്ലാസ്റ്റേഴ്സിനെ പുറത്താക്കിയ ക്വിക്ക് ഫ്രീക്കിക്ക് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ആരാധകർക്കിടയിൽ എതിർപ്പും ശക്തമായിരുന്നു. കളി സമനില ആയതോടെ ബെംഗളൂരു ടീമിനെ ബ്ലാസ്റ്റേഴ്സ് ആരാധകർ കൂവി വിളിച്ചു.
രണ്ടാമത്തെ കളിയ്ക്ക് കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ മൈതാനത്തെത്തിയപ്പോൾ ആവേശം ഇരട്ടിയായി. കളി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പുതന്നെ സ്റ്റേഡിയത്തിൽ ആരാധകരുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. ഗതാഗത ക്രമീകരണം ഉൾപ്പടെ ഒരുക്കിയിരുന്നെങ്കിലും നഗരത്തിലും തിരക്ക് അനുഭവപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |