മെഡി.കോളേജിലെ മരുന്ന് പ്രതിസന്ധി ഒഴിയാതെ ദുരിതം
കോഴിക്കോട്: മെഡിക്കൽ കോളേജിലെ മരുന്ന് പ്രതിസന്ധി നാൾക്കുനാൾ കൂടുന്നു. കുറിച്ചു നൽകുന്ന മരുന്നുകൾക്കായി ഫാർമസികൾ കയറിയിറങ്ങി മടുത്ത് രോഗികൾ. അവശ്യമരുന്ന് ലിസ്റ്റിലുൾപ്പെട്ട 155 ഇനം മരുന്നുകളിൽ 50 എണ്ണം കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ, കാരുണ്യ ഫാർമസി വഴി ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതർ പറയുമ്പോഴും രോഗികൾക്ക് ലഭിക്കുന്നില്ലെന്നതാണ് വസ്തുത. ന്യായവില മെഡിക്കൽ സ്റ്റോറിൽ മരുന്നുകൾ ലഭ്യമല്ലാതായതോടെ ഡയാലിസിസ്, ഹൃദ്രോഗം ,ത്വക്ക് രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ രോഗികൾ അമിത വിലയ്ക്ക് പുറത്തുനിന്ന് വാങ്ങുകയാണ്. മരുന്ന് പ്രതിസന്ധി പരിഹരിക്കാൻ പ്രിൻസിപ്പൽ, സൂപ്രണ്ട് തുടങ്ങിയവർ ആരോഗ്യമന്ത്രിയുമായുള്ള ചർച്ച തുടരുകയാണ്. ജീവൻ രക്ഷാമരുന്നുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ തുടങ്ങിയവ വിതരണം ചെയ്ത വകയിൽ കുടിശിക തുക 90 കോടിയിലെത്തിയതോടെയാണ് കഴിഞ്ഞ പത്ത് മുതൽ വിതരണക്കാർ മെഡി.കോളേജിലേക്കുള്ള മരുന്ന് വിതരണം നിറുത്തിയത്. ഒക്ടോബർ വരെയുള്ള കുടിശികയെങ്കിലും ലഭിക്കാതെ മരുന്ന് വിതരണം പുനഃരാരംഭിക്കില്ലെന്ന നിലപാടിലാണ് വിതരണക്കാർ.
''അവശ്യമരുന്ന് ലിസ്റ്റിലെ 50 ഇനം ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. നൂറിനം മരുന്നുകൾ ഇന്ന് വെെകിട്ട് തന്നെ മെഡി.കോളേജിൽ എത്തും. ഡോ.അരുൺ, മെഡി.കോളേജ് വെെസ് പ്രിൻസിപ്പൽ
യൂത്ത് കോൺഗ്രസ് പ്രിൻസിപ്പൽ
ഓഫീസ് ഉപരോധിച്ചു
മരുന്നു പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് പ്രിൻസിപ്പൽ ഓഫീസ് ഉപരോധിച്ചു. കമ്പനികൾക്ക് നൽകാനുള്ള കോടികളുടെ കുടിശിക തീർത്ത് മരുന്ന് വിതരണം ഉടൻ പഴയ നിലയിൽ കൊണ്ടുവരണമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ വൈസ് പ്രിൻസിപ്പലുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ഉന്നയിച്ച ആവശ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി ലഭിക്കാത്തതിനാൽ ഓഫീസിനു പുറത്ത് മുദ്രാവാക്യം മുഴക്കി യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. മരുന്ന് ക്ഷാമം പൂർണമായി പരിഹരിക്കുന്നില്ലെങ്കിൽ യൂത്ത് കോൺഗ്രസ് പ്രക്ഷോഭം ശക്തമാക്കുമെന്നും ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ പറഞ്ഞു. പ്രതിഷേധം ശക്‌തമായതോടെ പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്തു നീക്കി. സമരം യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജന.സെക്രട്ടറി സി.എ.അരുൺദേവ് ഉദ്ഘാടനം ചെയ്‌തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ അദ്ധ്യക്ഷത വഹിച്ചു. ബബിത്ത് മാലോൽ, വൈശാഖ് കണ്ണോറ, സനൂജ് കുരുവട്ടൂർ എന്നിവർ പ്രസംഗിച്ചു.
അടിയന്തര നടപടി സ്വീകരിക്കണം; ഐ.എൻ.എൽ
ഗവ.മെഡി.കോളേജിലെ മരുന്ന് ക്ഷാമം അടിയന്തരമായി പരിഹരിക്കാൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.എൽ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികൾക്ക് ജനോപകാര സർക്കാരിനെ ഇകഴ്ത്തിക്കാണിക്കാനുളള സൗകര്യം ഒരുക്കിക്കൊടുക്കരുതെന്നും ഐ.എൻ.എൽ ചൂണ്ടിക്കാട്ടി. സി.എച്ച് ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശോഭ അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. സമദ് നരിപ്പറ്റ, എയർലൈൻ അസീസ്, സി.കെ.കരീം, ടി.പി.കുഞ്ഞാതു, ഖദീജ തുടങ്ങിയവർ പ്രസംഗിച്ചു. ജന.സെകക്രട്ടറി ഒ.പി.അബ്ദുറഹിമാൻ സ്വാഗതവും നാസർ കൈതപ്പൊയിൽ നന്ദിയും പറഞ്ഞു.