കോഴിക്കോട്: സ്റ്റൈപ്പൻഡ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ്സ് അസോസിയേഷന്റെ (കെ.എം.പി.ജി.എ) നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ ഡോക്ടർമാർ പണിമുടക്കി. അത്യാഹിതം ഒഴികെ മറ്റ് എല്ലാ വിഭാഗങ്ങളെയും സമരം ബാധിച്ചു. ഐ.സി.യു, ലേബർ റൂം എന്നിവ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിരുന്നു. രാവിലെ 8 മുതലായിരുന്നു സമരം. പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ പ്രകടനമായി എത്തിയ ഡോക്ടർമാർ പ്രധാന കവാടത്തിൽ പ്രതിഷേധിച്ചു. സമരത്തിന് ഐ.എം.എ കോഴിക്കോട് ശാഖ, ഹൗസ് സർജൻസ് അസോ, കോളേജ് യൂണിയൻ തുടങ്ങിയവർ ഐക്യദാർഢ്യവുമായെത്തി. കെ.എം.പി.ജി.എ കാലിക്കറ്റ് ചാപ്റ്റർ പ്രസിഡന്റ് ഡോ.അർജുൻ രാജീവ്, സെക്രട്ടറി മുഹമ്മദ് റാഷിദ്, ജിബിൻ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പിജി ഡോക്ടർമാർ ഉള്ളത് കോഴിക്കോട് മെഡിക്കൽ കോളേജിലാണ്. എല്ലാ മാസവും ആദ്യ ആഴ്ച സ്റ്റൈപ്പൻഡ് ലഭ്യമാക്കും എന്നായിരുന്നു ഇവർക്ക് ലഭിച്ച ഉറപ്പ്. എന്നാൽ രണ്ട് മാസമായി സ്റ്റൈപ്പൻഡ് ലഭിച്ചിട്ടില്ല. പലതവണ ആവശ്യപ്പെട്ടിട്ടും ചർച്ചകൾ നടത്തിയിട്ടും നടപടിയുണ്ടാവാതായതോടെയാണ് ഡോക്ടർമാർ സമരം ആരംഭിച്ചത്. 700ലധികം പി.ജി ഡോക്ടർമാരാണ് മെഡി.കോളേജിലുള്ളത്. സമരത്തിന്റെ ആദ്യപടിയായി സൂചന പണിമുടക്ക് നടത്തിയിരുന്നു. സമരത്തെ തുടർന്ന് സ്റ്റൈപ്പൻഡ് നൽകാനുള്ള തുക ഡി.എം.ഇയ്ക്ക് അനുവദിച്ചതോടെ പി.ജി ഡോക്ടർമാർ അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ചു.
അടിയന്തര ചികിത്സകളെ ബാധിച്ചു
പി.ജി ഡോക്ടർമാരുടെ സമരം ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. അത്യാഹിത വിഭാഗത്തെയെന്ന പോലെ ഐ.സി.യു, ഒ പി, വാർഡുകൾ എന്നിവയെയെല്ലാം സമരം സാരമായി ബാധിച്ചിട്ടുണ്ട്. തീയതികൾ നിശ്ചയിച്ച പല ഓപ്പറേഷനുകളും മുടങ്ങി. അടിയന്തരമായി ചെയ്യേണ്ട ഓപ്പറേഷനുകൾ മാത്രമാണ് ഇന്നലെ നടന്നത്. അത്യാഹിത വിഭാഗത്തിലും മെഡിക്കൽ വിദ്യാർത്ഥികൾ ഹാജരായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |