കോഴിക്കോട് : വേനലവധിയും ചെറിയ പെരുന്നാളും വിഷുവും ഒന്നിച്ചെത്തിയതോടെ നാട്ടിലെത്താൻ ടിക്കറ്റിനായി നെട്ടോട്ടത്തിലാണ് മറുനാടൻ മലയാളികൾ. ബംഗളൂരു, ചെന്നെെ എന്നിവിടങ്ങളിൽ പഠിക്കുന്നവരും ജോലി ചെയ്യുന്നവരും ടിക്കറ്റിനായി റെയിൽവേയെ സമീപിക്കുമ്പോൾ വെയിറ്റിംഗ് ലിസ്റ്റ് 100ന് മുകളിലാണ്. കേരളത്തിലെ സ്ഥിതിയും മറിച്ചല്ല. തിരുവനന്തപുരത്തു നിന്ന് വടക്കോ ട്ടുള്ള ട്രെയിനിലൊന്നും ഏപ്രിൽ ആദ്യവാരം വരെ രാത്രികാല യാത്രയ്ക്ക് ടിക്കറ്റ് കിട്ടാനില്ല. ടിക്കറ്റ് ബുക്കിംഗ് പോലും സാദ്ധ്യമല്ലാത്തവിധം ‘റിഗ്രെറ്റ് ’ എന്നാണ് കാണിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് വടക്കോട്ട് പോകുന്ന ഏറനാട്, പരശുറാം എക്സപ്രസുകളിൽ മാർച്ച് അവസാനവാരം വരെ ടിക്കറ്റ് ഫുള്ളായി കഴിഞ്ഞു. ഇതോടെ എങ്ങനെ നാടുപിടിക്കുമെന്ന ആശങ്കയിലാണ് മലബാറിലുള്ളവർ. ഓൺലൈനായി തത്കാൽ ടിക്കറ്റിനു ശ്രമിച്ചാൽ കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. തത്കാൽ ബുക്കിംഗ് ആരംഭിച്ച് 2–3 മിനിറ്റിലാണ് ടിക്കറ്റുകൾ തീരുന്നത്. ബുക്കിംഗ് ആരംഭിച്ചതിനു പിന്നാലെ ഐ.ആർ.സി.ടി.സി വെബ്സൈറ്റ് ഹാംഗ് ആകുന്നതും പതിവാണ്. റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറിൽ ടിക്കറ്റെടുക്കാൻ പുലർച്ചെ നാലിനോ അഞ്ചിനോ എത്തിയാലും രക്ഷയില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകളിലെ സ്ഥിതിയും ഇതുതന്നെയാണ്. മിക്ക ബസുകളിലും ബുക്കിംഗ് പൂർണമായി. ട്രെയിൻ- കെ.എസ്.ആർ.ടി.സി ടിക്കറ്റുകളേക്കാൾ താരതമ്യേന ഉയർന്ന നിരക്കാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്. എന്നിട്ടും ടിക്കറ്റുകൾ അതിവേഗം വിറ്റുപോകുന്നു. സ്വകാര്യ ബസിലെ ടിക്കറ്റ് നിരക്കുകൾ സീസൺ അനുസരിച്ച് തോന്നുംപോലെയാണെന്ന ആക്ഷേപമുണ്ട്.
സ്പെഷ്യൽ ബസുകൾ ഉണ്ടാകും
വിഷു, ഈസ്റ്റർ സമയത്തെ തിരക്ക് പരിഗണിച്ച് നിലവിലെ ബസുകളിലെ ബുക്കിംഗ് പൂർത്തിയായാൽ
കെ.എസ്.ആർ.ടി.സി തിരുവനന്തപുരം, ബംഗളൂരു, തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് സ്പെഷ്യൽ ബസുകൾ ഏർപ്പെടുത്തുമെന്ന് കോഴിക്കോട് കെ.എസ്.ആർ.ടി.സി അറിയിച്ചു.
'' ട്രെയിൻ ടിക്കറ്റുകളെല്ലാം തീർന്നു. യാത്രചെയ്യുന്ന തിയതിക്കും ഒരു മാസം മുമ്പാണ് കെ.എസ്.ആർ.ടി.സിയിൽ ടിക്കറ്റ് റിസർവേഷൻ ആരംഭിക്കുന്നത്. ഇതും അതിവേഗം പൂർത്തിയായി. ഇനി സ്വകാര്യബസുകളെ ആശ്രയിക്കുകയേ മാർഗമുള്ളൂ. സീസൺ സമയത്ത് പലരും അമിതചാർജ് ഈടാക്കാറുണ്ട്.
- ജിഷ്ണു .കെ ( വിദ്യാർത്ഥി, ബംഗളൂരു)
'' മാർച്ച് അവസാനം ട്രെയിൻ ടിക്കറ്റിൽ വെയിറ്റിംഗ് ലിസ്റ്റ് 100 കടന്നു. കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ട്രെയിനുകളിൽ ജനറൽ കോച്ചുകൾ കുറവായതിനാൽ ഇനി ബസുകളെ ആശ്രയിക്കേണ്ടി വരും.
- സാംരാജ് (തിരുവനന്തപുരം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |