ഉദ്ഘാടനം നാളെ മന്ത്രി റിയാസ് നിർവഹിക്കും
കോഴിക്കോട്: ശാസ്ത്രകൗതുകങ്ങളുടെ ജാലകം തുറന്നിട്ട കോഴിക്കോട്ടെ മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ ഇനി ജ്യോതിശാസ്ത്ര ഗ്യാലറിയും. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത ആധുനിക 'ജ്യോതിശാസ്ത്ര ഗാലറി' മന്ത്രി മുഹമ്മദ് റിയാസ് നാളെ രാവിലെ 10ന് നാടിനായി തുറന്നുകൊടുക്കും. മേയർ ഡോ. ബീനാ ഫിലിപ്പ് മുഖ്യ അതിഥിയായിരിക്കും.
1.5 കോടി രൂപ ചെലവിൽ നിർമിച്ച ഗ്യാലറി, ബഹിരാകാശ ശാസ്ത്രത്തെ കൂടുതൽ അടുത്തറിയാനും എല്ലാ പ്രായക്കാരിലും വിനോദവും വിജ്ഞാനവും പകരാൻ ലക്ഷ്യമിടുന്നതുമാണ്. സന്ദർശകർക്ക് പുരാതന ജ്യോതിശാസ്ത്രത്തിൽ നിന്ന് ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ അറിവുകൾ നൽകുന്നു. അരിസ്റ്റോട്ടിൽ, ടോളമി, ആര്യഭട്ട, ഭാസ്‌കര, കോപ്പർനിക്കസ് തുടങ്ങിയ മഹാരഥന്മാരുടെ ജ്യോതിശാസ്ത്ര സംഭാവനകളെ പുനരവലോകനം ചെയ്തുകൊണ്ടാണ് ഗ്യാലറി ആരംഭിക്കുന്നത്. ആധുനിക സ്ലൈഡിംഗ് ഗ്ലാസ് ഡോർ സംവിധാനത്തോടെയുള്ള ഗ്യാലറി കാഴ്ചക്കാർക്ക് അവിസ്മരണീയമായ അനുഭവം ആയിരിക്കും.
@ സവിശേഷതകൾ
ദൂരദർശിനിയിലൂടെ ആകാശം വീക്ഷിക്കുന്ന ഗലീലിയോ ഗലീലിയുടെ തുല്യകായ പ്രതിമ
ന്യൂട്ടോണിയൻ മുതൽ കാസെഗ്രേനിയൻ ഡിസൈനുകൾ വരെയുള്ള ദൂരദർശിനികളുടെ പരിണാമം
സൗരയൂഥവും അതിനു പുറത്തുള്ള വിവിധങ്ങളായ ബാഹ്യകാശ വസ്തുക്കളുടെ മാതൃകകൾ അവയുടെ ത്രിമാന വീഡിയോ പ്രദർശനം.
ടെക്‌നോളജി ഡ്രിവൻ, ഇൻട്രാക്ടീവ് മൾട്ടിമീഡിയ സംവിധാനം
ബിഗ് ബാംഗ് സിദ്ധാന്തത്തിന്റെ വീഡിയോ വിവരണം.
സോളാർ സിസ്റ്റം സോണിലൂടെ ഗ്രഹങ്ങളുടെ സ്വഭാവം,അവയുടെ ഗുരുത്വാകർഷണ വ്യത്യാസം അറിയാം.
സമ്പൂർണ എയർകണ്ടീഷൻ ഗ്യാലറി. തണുപ്പുള്ള ബഹിരാകാശമേഖല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |